
‘ബാഹുബലി’ സീരിസിലൂടെ ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സംവിധായകന്‍ എസ് എസ് രാജമൗലി തന്റെ പുതിയ ചിത്രത്തിന്റെ അണിയറയിലാണ്. ബാഹുബലിക്ക് ശേഷം ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ തുടങ്ങിയവരെ വെച്ചാണ് രാജമൗലി സിനിമയെടുക്കുന്നത്. ‘ആര്‍ആര്‍ആര്‍’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ്ങ് ജനുവരി മാസം പകുതിയോടെ ആരംഭിച്ചിരുന്നു.
അടുത്തിടെ ഹാര്‍വാര്‍ഡ് ഇന്ത്യയുടെ നേതൃത്വത്തില്‍ യു എസ് എയില്‍ വെച്ച് നടന്ന ഒരു കോണ്‍ഫറന്‍സിന്റെ അഭിമുഖത്തിലാണ് സംവിധായകന്‍ രാജമൗലി തന്റെ ചിത്രത്തെക്കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ചത്. ഇന്ത്യയില്‍ പലയിടത്തായി പുരോഗമിക്കുന്ന പാന്‍ ഇന്ത്യ സ്വഭാവമുളള ചിത്രമായിരിക്കും തന്റെ സിനിമയെന്നും ബാഹുബലിയോളം വലിയ കാന്‍വാസിലാണ് സിനിമ ഒരുക്കുന്നതെന്നും രാജമൗലി അറിയിച്ചു.
അതേ സമയം അറി അലെക്‌സ എല്‍ എഫ്, അറി സിഗനേച്വര്‍ പ്രൈം ലെന്‍സ് എന്നീ ക്യാമറ വൈദഗ്ദ്യങ്ങളിലൊരുക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രങ്ങളിലൊന്നാണ് ‘ആര്‍ആര്‍ആര്‍’ എന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സെന്തില്‍ കുമാര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്സാണ് സിനിമ നിര്‍മ്മിക്കുന്നത്. ബാഹുബലിക്ക് വേണ്ടി സംഗീതമൊരുക്കിയ എംഎം കീരവാണി തന്നെയാണ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ പാട്ടുകളും ഒരുക്കുന്നത്.