“ആ സമയത്ത് നോൺവെജ് കഴിക്കില്ലായിരുന്നു, മഞ്ഞൾവെള്ളം കുടിച്ചു”; ‘കോട്ടൈ മാരിയമ്മൻ’ ഷൂട്ടിംഗ് ഓർമ്മകളുമായി റോജ

','

' ); } ?>

തമിഴ് സിനിമയിലെ ദേവിവേഷങ്ങളിലുള്ള അഭിനയത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി റോജ. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ്, വേഷവിധാനങ്ങളും മേക്കപ്പും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ താൻ അനുഭവിച്ചിരുന്ന പ്രയാസങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

ദേവിവേഷങ്ങളിൽ അഭിനയിക്കുക എന്നത് പുറമെ കാണുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് റോജ പറയുന്നത്. മണിക്കൂറുകളോളം നീളുന്ന മേക്കപ്പും ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ച് നിൽക്കുക എന്നത് ശാരീരികമായി വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും വെയിലത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ ഈ വേഷങ്ങൾ ധരിച്ച് വിയർത്ത് നിൽക്കുന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് നടി ഓർക്കുന്നു. കൂടാതെ, ദേവിവേഷങ്ങൾ ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും, ശരീരഭാഷയിലും സംഭാഷണങ്ങളിലും പോലും ഒരു പ്രത്യേക നിയന്ത്രണം കൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും റോജ കൂട്ടിച്ചേർത്തു.

‘രാമ നാരായണൻ സാറിന്റെ പടത്തിലാണ് ഞാൻ ആദ്യമായി ദേവിയായി അഭിനയിക്കുന്നത്. ആ പടത്തിൽ അമ്പലത്തിന് മുകളിൽ നിന്നുകൊണ്ടുള്ള ഒരു പാട്ട് സീനുണ്ടായിരുന്നു. ചെരുപ്പിടാൻ പറ്റില്ലല്ലോ, അമ്പലത്തിന്റെ മുകളിൽ അല്ലേ. നല്ല പൊരിഞ്ഞ വെയിലും. എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ കിരീടവും വസ്ത്രവുമൊക്കെ ധരിച്ച് നിൽക്കാൻ ഭയങ്കര പാടായിരുന്നു.
ഇത്തരം സിനിമകളിൽ ദേവിയായി അഭിനയിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആ ദേവിയുള്ള പോലെ ഒരു ഹെവി ഫീലിങ് തോന്നും.

ആ സമയത്ത് എനിക്ക് എല്ലാം പേടിയായിരുന്നു. ഞാൻ ഭയങ്കര ഭക്തിയായിരുന്നു. നോൺ വെജ് ഒന്നും കഴിക്കില്ലായിരുന്നു. മഞ്ഞൾ വെള്ളമൊക്കെ കുടിച്ച് ഭയ ഭക്തിയോടെയാണ് ഞാൻ അഭിനയിച്ചത്. ‘പൊട്ടു അമ്മൻ’ ചെയ്യുമ്പോൾ അതിൽ നിന്ന് കുറച്ച് വ്യത്യാസം നിങ്ങൾക്ക് കാണാനാകും. ഓരോ സിനിമയും എനിക്ക് വ്യത്യസ്തമാണ്’, റോജ പറഞ്ഞു.2001 ൽ പുറത്തിറങ്ങിയ ‘കോട്ടൈ മാരിയമ്മൻ’, 2000 ത്തിൽ പുറത്തിറങ്ങിയ ‘പൊട്ടു അമ്മൻ’ എന്നീ ചിത്രങ്ങളിലാണ് റോജ ദേവിയായി അഭിനയിച്ചത്. രണ്ട് ചിത്രങ്ങളിലും റോജയ്ക്ക് ഏറെ പ്രശംസകളും ലഭിച്ചിരുന്നു.