“നിവിന് മുന്‍പ് ജഗതി സാര്‍ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടിട്ടുള്ളത്”; റിയ ഷിബു

','

' ); } ?>

നിവിന്‍ പോളി ജഗതി ശ്രീകുമാറിനെപ്പോലെയാണെന്ന് നടിയും നിർമ്മാതാവുമായ റിയ ഷിബു. വളരെ റിലാക്‌സ് ആയിരിക്കുന്ന നടനാണ് നിവിന്‍ പോളിയെന്നും, വേറെ ഒരാള്‍ സീന്‍ ചെയ്യുന്ന സമയത്ത് ഗോഷ്ടി കാണിക്കുന്ന ലെവല്‍ റിലാക്‌സ് ആണ് നിവിന്റേതെന്നും റിയ പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയ.

”ഒരുപാട് റിലാക്‌സ് ആയി ഇരിക്കുന്ന നടന്‍ ആണ് നിവിന്‍ പോളി. ഒരു സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു സംവിധായകന്‍ ഓക്കേ പറഞ്ഞാല്‍ അദ്ദേഹം പോയി റിലാക്‌സ് ആയി ഇരിക്കും. വേറെ ഒരാള്‍ സീന്‍ ചെയ്യുന്ന സമയത്ത് ഗോഷ്ടി കാണിക്കുന്ന ലെവല്‍ റിലാക്‌സ് ആണ് നിവിന്‍. എനിക്ക് എവിടെയെങ്കിലും തെറ്റിപ്പോയാലും അതില്‍ പിടിച്ച് അദ്ദേഹം ആ സീന്‍ പൂര്‍ത്തിയാക്കും. അവിടെ കട്ട് ചെയ്യാന്‍ നിവിന്‍ പറയില്ല. നിവിന് മുന്‍പ് ജഗതി സാര്‍ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടിട്ടുള്ളത്.” റിയ ഷിബു പറഞ്ഞു.

സര്‍വ്വം മായയുടെ വിജയത്തില്‍ നിര്‍ണായകമായത് നിവിന്‍ പോളി-റിയ ഷിബു കോമ്പോയാണ്. റിയ ഷിബു അവതരിപ്പിച്ച ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യ്ക്തമാക്കുന്നത്. നിവിനും റിയയും ഒരുമിച്ചെത്തുന്ന രംഗങ്ങള്‍ ചിരിപ്പിക്കുക മാത്രമല്ല കണ്ണ് നനയിക്കുകയും ചെയ്യുന്നുണ്ട്.

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. നാളുകള്‍ക്ക് ശേഷം നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിച്ച ചിത്രം കൂടിയാണ് ഇത്. പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. പത്ത് ദിവസം കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ സര്‍വ്വം മായ നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്. കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടേണ്ടി വന്ന നിവിന്‍ പോളിയ്ക്ക് ശക്തമായൊരു തിരിച്ചുവരവായി മാറിയിരിക്കുകയാണ് സര്‍വ്വം മായ.