ഋഷഭ് മായക്കാരനായതിങ്ങനെ ; മേക്കിങ് വീഡിയോ പുറത്തു വിട്ട് ഹോംബാലെ

','

' ); } ?>

കാന്താര ചാപ്റ്റർ 1 ലെ ഋഷഭ് ഷെട്ടി അവതരിപ്പിച്ച മായക്കാരന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഋഷഭ് മായാക്കാരനായി മേക്കപ്പിടുന്നതിന്റെ വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ആറ് ദിവസം കൊണ്ടാണ് മായക്കാരന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഓരോ ദിവസം ആറ് മണിക്കൂര്‍ മാത്രം ഋഷഭ് മേക്കപ്പിനായി ചെലവിട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയാണ് ഋഷഭിന്റെ മേക്കപ്പ് ആരംഭിക്കുന്നത്.

മായക്കാരനേയും അവതരിപ്പിച്ചത് ഋഷഭ് തന്നെയായിരുന്നുവെന്നത് ഈയ്യടുത്താണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നത്. വീഡിയോ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. നിരവധിപേരാണ് ഋഷഭിന് ആശംസയും, അഭിനന്ദനവുമായി എത്തുന്നത്. ഇയാള്‍ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ചിലര്‍ പറയുന്നത്. ഋഷഭിന്റെ ആത്മസമര്‍പ്പണത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും ആരാധകര്‍ പറയുന്നു. ഇത്രയും സമയവും അധ്വാനവും മായക്കാരനു വേണ്ടി മാറ്റിവെച്ച ഋഷഭ് പിന്നീട് സംവിധാനം കൂടി ചെയ്യുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ 800 കോടി പിന്നിട്ടിട്ടുണ്ട്. 1000 കോടിയെന്ന ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ 1. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.
കര്‍ണാടകയില്‍ നിന്ന് മാത്രമായി 200 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റാകാന്‍ ഛാവയുടെ 807 കോടിയുടെ റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം കാന്താര ചാപ്റ്റര്‍ 1 പിന്നിട്ടത്. ഒക്ടോബര്‍ 2 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.

ചിത്രത്തിന്റെ വസ്ത്രലങ്കാരം നിർവഹിച്ചത് ഋഷഭിന്റെ ഭാര്യയായ പ്രഗതി ഷെട്ടിയായിരുന്നു. ഇതിനു മുന്നേ 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ ആദ്യഭാഗത്തിലെ ഒരുരംഗം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ചിത്രത്തിൽ നായകൻ നായികയുടെ സമ്മതമില്ലാതെ അരക്കെട്ടിൽ നുള്ളുന്ന രംഗമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഋഷഭ് ഷെട്ടിക്ക് വലിയ പഴി കേൾക്കേണ്ടിവന്നു. എന്നാൽ അതിനെതിരെയും തരാം പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. സമൂഹത്തിലുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിക്കുന്നതെന്നും, ആളുകളുടെ അഭിപ്രായത്തിന് അനുസരിച്ച് കഥ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു അന്ന് താരത്തിന്റെ പ്രതികരണം.

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.