നീണ്ട നാളുകളത്തെ സമ്മര്‍ദ്ദം നിറഞ്ഞ ദാമ്പത്യത്തിന് അന്ത്യം വരുത്തിക്കൊണ്ട് ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയിസും എറണാകുളം കുടുംബകോടതി മുമ്പാകെ വേര്‍പിരിഞ്ഞു. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രില്‍ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.
വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കി റിമിയുടെ ഭര്‍ത്താവായിരുന്നു റോയിസ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരിന്നു. ഡിവോഴ്‌സ് വേണം എന്നത് തന്റെ ആവശ്യമായിരുന്നെന്നും തങ്ങള്‍ക്കിടയിലെ മുഖ്യപ്രശ്‌നം ദാമ്പത്യം തന്നെയായിരുന്നുവെന്നും റോയിസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം ദാമ്പത്യം തന്നെയായിരുന്നു. പത്ത് വര്‍ഷം എല്ലാം സഹിച്ച് പിടിച്ച് നിന്നു. എന്റെ കുടുംബത്തെ ഓര്‍ത്ത് കൊണ്ട് മാത്രമാണത്. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. എനിക്ക് നഷ്ടപ്പെട്ടത് എന്റെ പന്ത്രണ്ട് വര്‍ഷമാണ്. അതിനി ഒരിക്കലും തിരികെ ലഭിക്കുകയും ഇല്ല.’
‘റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ റിമിയുടെ സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനും ശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്‌സ്’ എന്നും റോയ്‌സ് വ്യക്തമാക്കുന്നു.
2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. പിന്നീട് ചാനല്‍ അവതാരകയായ താരം മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെ പ്രശസ്തയാവുകയായിരുന്നു.