
‘അമ്മ സംഘടനയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് നടി റിമ കല്ലിങ്ങൽ. ‘അതിന്റെ ആവശ്യമില്ലെന്നു തോന്നുന്നുവെന്നും, അവിടെ ആവശ്യത്തിന് ആളുണ്ടല്ലോ എന്നുമായിരുന്നു റിമയുടെ പ്രതികരണം. കൂടാതെ ഡബ്ള്യൂ ഡിസിയിൽ പ്രശ്നങ്ങളുണ്ടെന്നും അത് സ്വാഭാവികമാണെന്നും താരം കൂട്ടിച്ചേർത്തു. അമ്മയ്ക്ക് വനിതാ പ്രസിഡന്റ് ആയി ശ്വേത വന്നല്ലോ. നിങ്ങൾ തിരികെ സംഘടനയിലേക്ക് വരുമോ ? എന്ന ചോദ്യത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
” തിരികെ സംഘടനയിലേക്ക് വരേണ്ട ആവശ്യമില്ലെന്നു തോന്നുന്നു. അവിടെ ആവശ്യത്തിന് ആളുണ്ടല്ലോ. ശ്വേത മേനോൻ പ്രത്യേകതയുള്ള സ്ത്രീയാണ്. സംഘടനയിൽ അവർക്കെന്തു ചെയ്യാനാകുമെന്ന് കണ്ടു തന്നെ അറിയണം”. റിമ കല്ലിങ്ങൽ പറഞ്ഞു.
” ഡബ്ള്യൂ ഡിസിയിൽ തീർച്ചയായും പ്രശ്നങ്ങളുണ്ട്. ശക്തമായ, അഭിപ്രായങ്ങളുള്ള, സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകൾ ഒരുമിച്ചു വരുമ്പോൾ തീർച്ചയായും അഭിപ്രായവ്യത്യാസം വരുമെന്നുറപ്പല്ലേ. പക്ഷേ ഒരുപാട് പ്രശ്നങ്ങൾക്കിടയിലും ഞങ്ങൾ സമവായം ഉണ്ടാക്കിയിട്ടുണ്ട്. ആ സാഹോദര്യം എനിക്കു കിട്ടിയത് ഡബ്ല്യുസിസിയിൽ നിന്നാണ്. അല്ലെങ്കിൽ സിനിമാരംഗം നിങ്ങളെ പലരീതിയിൽ ഒറ്റപ്പെടുത്തും”.റിമ കല്ലിങ്ങൽ കൂട്ടിച്ചേർത്തു.
റിമയുടെ ഏറ്റവും പുതിയ ചിത്രം “തീയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി” ഒക്ടോബർ 16 നാണ് തീയേറ്ററുകളിലെത്തുന്നത്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് റിമയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക് അവാർഡ് ലഭിച്ചിരുന്നു.