
മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിന്റെ അടിത്തറ തന്റെ സീനുകളാണെന്ന് തുറന്നു പറഞ്ഞ് നടി രേവതി. അത് പ്രധാന സീനുകളാണെന്നും, അത് പറഞ്ഞാല്‍ സിനിമയുടെ കഥ തന്നെ പറഞ്ഞതു പോലെയാണെന്നും രേവതി പറഞ്ഞു. തന്റെ പുതിയ ചിത്രം ‘അസി’ എന്ന ഹിന്ദി ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന കേരള ട്രെയിലർ ലോഞ്ചിന് സംസാരിക്കുകയായിരുന്നു രേവതി.
“പേട്രിയറ്റ് കാണാന്‍ വേണ്ടി ഞാനും കാത്തിരിക്കുകയാണ്. നല്ല താരനിരയാണ്. പിന്നെ ഗംഭീര സംവിധായകനല്ലേ മഹേഷ് നാരായണന്‍. സിനിമയെക്കുറിച്ച് എനിക്ക് ഒന്നും പറയാന്‍ പറ്റില്ല. കാരണം ഞാന്‍ ചെയ്തത് അതില്‍ രണ്ട് സീനുകളാണ്. അത് പ്രധാന സീനുകളാണ്. അത് പറഞ്ഞാല്‍ സിനിമയുടെ കഥ തന്നെ പറഞ്ഞതുപോലെയായി. അതുകൊണ്ട് മഹേഷ് നാരായന്‍റെ അനുമതിയില്ലാതെ എനിക്കിപ്പോൾ ഒന്നും പറയാൻ പറ്റില്ല.” രേവതി പറഞ്ഞു.
“സിനിമയുടെ കാസ്റ്റിംഗ് വളരെ നല്ലതാണ്, ഒപ്പം അവരുടെ പ്രകടനങ്ങളും, മഹേഷ് നാരായണന്‍ കഥ പറയുന്ന രീതിയും എനിക്ക് വളരെ ഇഷ്ടമാണ്. ജീവിതത്തിന് നല്ല ഒരു അടിത്തറ വേണമല്ലോ. പേട്രിയറ്റില്‍ എന്‍റെ സീന്‍ ആണ് അടിത്തറ. ചിത്രത്തിൽ മോഹൻലാലുമായി എനിക്ക് കോമ്പിനേഷൻ സീനൊന്നുമില്ല.” രേവതി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയും മോഹന്‍ലാലും വലിയ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്രിയറ്റ്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ സംവിധാനം. ഏപ്രില്‍ 23 നാണ് ചിത്രത്തിന്‍റെ റിലീസ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താര നിര തന്നെ ചിത്രത്തിലുണ്ട്.