
അജിത്ത് നായകനായെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’ ചിത്രത്തിൽ നിന്നും നടൻ നസ്ലിൻ അവസാന നിമിഷം പിന്മാറി എന്ന വാർത്തകൾ വ്യാജമെന്ന് സംവിധായകൻ ആദിക് രവിചന്ദ്രൻ. ചിത്രത്തിൽ നസ്ലിൻ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നില്ലെന്നും, മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ ഓൺലൈൻ മാധ്യമമായ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ആദിക് ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രേമലു’ സിനിമയുടെ വിജയത്തിന് ശേഷം നസ്ലിനെ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും, താനും ആ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ അജിത് നായകനാകുന്ന ചിത്രത്തിൽ നസ്ലിന്റെ കഥാപാത്രത്തിന് വേണ്ടത്ര സ്ക്രീൻ സ്പേസ് നൽകാനില്ലാത്തതിനാലാണ് ആ വേഷം ചെയ്യാതിരുന്നത്. ചെറിയൊരു വേഷത്തിനായി നസ്ലിനെ പോലൊരു വളർന്നുവരുന്ന താരത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് താൻ നിർമ്മാതാക്കളോട് വ്യക്തമാക്കുകയായിരുന്നുവെന്ന് ആദിക് കൂട്ടിച്ചേർത്തു.
നസ്ലിനുമായി നേരിട്ട് കാര്യങ്ങൾ സംസാരിച്ച ശേഷമാണ് ആ കൂടിക്കാഴ്ച അവസാനിച്ചത്. അതിനാൽ അദ്ദേഹം ഈ ചിത്രത്തിൽ നിന്നും പിന്മാറി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും സംവിധായകൻ ആവർത്തിച്ചു വ്യക്തമാക്കി.
ആദിക് രവിചന്ദന്റെ വാക്കുകൾ:
‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കളായ മൈത്രി പിക്ചേഴ്സ് ആ സമയത്ത് തന്നെ ‘ഡ്യൂഡ്’ എന്നൊരു പടം കമ്മിറ്റ് ചെയ്തിരുന്നു. മമിത മാം അതിൽ നായികയായി കരാര് ഒപ്പിട്ടു. ‘പ്രേമലു’ ആ സമയത്ത് റിലീസ് ആയോ എന്നറിയില്ല. മൈത്രി നിർമാതാക്കളാണ് പിന്നീട് നസ്ലിനെക്കുറിച്ച് എന്നോട് പറയുന്നത്. ‘പ്രേമലു’ ഹീറോയെ നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു.
ആ സമയത്ത് നസ്ലിൻ ചെന്നൈയിൽ ഉണ്ട്. അങ്ങനെ മൈത്രി പിക്ചേഴ്സ് അവരുടെ ഓഫിസിലേക്ക് നസ്ലിനെ വിളിച്ചു. ആ സമയത്ത് ഞാനും അവിടേക്ക് ചെന്നു. കണ്ടു, പരിചയപ്പെട്ടു, നല്ല ക്യൂട്ട് ആയ വളരെ എനർജറ്റിക് ആയ പയ്യൻ. ഏതു പടമാണ് ചെയ്യുന്നതെന്ന് ചോദിച്ചു, അജിത് സർ പടമെന്ന് ഞാൻ പറയുകയും ചെയ്തു.
ഇദ്ദേഹത്തിന് എന്തെങ്കിലും വേഷം നമ്മുടെ പടത്തിൽ ഉണ്ടാകുമോയെന്ന് മൈത്രിയുടെ ഭാഗത്തുനിന്നും ചോദിച്ചു. ‘ഇല്ല സർ, ഇദ്ദേഹമൊക്കെ വലിയ ഹീറോ ആയി മാറുന്ന നടനാണ്.
നമ്മുടെ സിനിമയിൽ കൃത്യമായ സ്പേസ് അദ്ദേഹത്തിന് കൊടുക്കാനില്ല. അങ്ങനെ കൊണ്ടുവന്നു കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. പക്ഷേ അജിത് സർ–നസ്ലിൻ കോംബോ നല്ലതാകും. ഒരു മുഴുനീള അച്ഛന്–മകൻ സിനിമയാണെങ്കിൽ ഓക്കെ.
പക്ഷേ നമ്മുടെ പടത്തിൽ മകന്റെ കഥാപാത്രത്തിനു സ്ക്രീൻ സ്പേസ് കുറവാണ്.’ ഞാൻ മറുപടിയായി പറഞ്ഞു. ഇങ്ങനെയാണ് അവിടെ ചർച്ച നടന്നത്. ഇക്കാര്യം നസ്ലിനോടും സംസാരിച്ചു. അല്ലാതെ ഈ ചിത്രം നസ്ലിൻ ഒരിക്കലും കമ്മിറ്റ് ചെയ്തിട്ടില്ല.