ഇനി കടും പിടുത്തമില്ല, സെൻസർബോർഡിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനൊരുങ്ങി ജനനായകൻ; ചിത്രം ഫെബ്രുവരി 20ന് എത്തിയേക്കും

','

' ); } ?>

വിജയ് ചിത്രം ‘ജനനായകന്റെനിർമ്മാതാക്കൾ സെൻസർബോർഡ് നിർദേശത്തിനു വഴങ്ങാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെ ചിത്രം ഈ മാസം 20-ന് എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധനാ സമിതിക്കുവിട്ട സെൻസർ ബോർഡ് അധ്യക്ഷന്റെ നടപടിയെ ചോദ്യം ചെയ്ത് നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്‌ഷൻസ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി കേസ് ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ചിന് തന്നെ കൈമാറാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇതുവരെ സിംഗിൾബെഞ്ചിനെയോ മേൽക്കോടതിയെയോ സമീപിച്ചിട്ടില്ല.

ഈ മാസം അവസാനത്തോടെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും. അതു കണക്കിലെടുത്താണ് ഫെബ്രുവരി 20-ന് സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ നിർമ്മാതാക്കൾ ശ്രമിക്കുന്നത്. ചിത്രം നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് തിയേറ്ററുകളിൽ എത്തിക്കണമെന്നതാണ് ടി.വി.കെ.യുടെ താത്‌പര്യം. വിവാദഭാഗങ്ങളെല്ലാം വെട്ടിമാറ്റി 20 മിനിറ്റോളം ദൈർഘ്യം കുറച്ച ശേഷമാണ് സിനിമ വീണ്ടും സെൻസർബോർഡിനു സമർപ്പിക്കുന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, സിനിമയുമായി അടുപ്പമുള്ളവർ അത് നിഷേധിച്ചിട്ടുണ്ട്.

പൊങ്കലിനുമുൻപ് ജനുവരി ഒൻപതിന് ‘ജനനായകൻ’ തിയേറ്ററുകളിലെത്തിക്കാനാണ് വിതരണക്കാർ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഡിസംബർ 18-ന് സിനിമ സെൻസർ ബോർഡിനു സമർപ്പിച്ചിരുന്നു. സിനിമ കണ്ട സെൻസർബോർഡ് അംഗങ്ങൾ നിർദേശിച്ച ഭേഗതികൾ വരുത്താൻ നിർമാതാക്കൾ തയ്യാറായെങ്കിലും പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധനാസമിതിയുടെ പരിഗണനയ്ക്കു വിടാൻ സെൻസർബോർഡ് ചെയർമാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.

സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാൻ സിംഗിൾബെഞ്ച് ജനുവരി ഒൻപതിന് വിധിച്ചിരുന്നു. എന്നാൽ, സെൻസർ ബോർഡിന്റെ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് അന്നുതന്നെ അത് സ്റ്റേ ചെയ്തു. ഇതിനെതിരേ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസിൽ സിംഗിൾബെഞ്ച് വിശദമായ വാദം കേൾക്കണമെന്ന് ഡിവിഷൻ ബെഞ്ച് ജനുവരി 20-ന് നിർദേശിക്കുകയും ചെയ്‌തു. അതിനുശേഷമാണ് അനുരഞ്ജനപാത സ്വീകരിക്കാൻ നിർമാതാക്കൾ ശ്രമംതുടങ്ങിയത്.