സാന്താൾ വുഡിന്റെ “രാജകുമാരൻ”; ഓർമകളിൽ പുനീത് രാജ്‌കുമാർ

','

' ); } ?>

2021 ഒക്ടോബർ 29 കന്നഡ ഇൻഡസ്ട്രിയിലെ ഒരു സൂപ്പർ താരത്തിന്റെ മരണ വാർത്ത ഭാഷാ ഭേദമന്യേ ഇന്ത്യൻ ജനതയെ ഞെട്ടിച്ചു. ഒരു നിമിഷം അതൊരു വ്യാജ വർത്തയാകണമേ എന്ന് പോലും കെട്ടവരൊക്കെയും മനമുരുകി പ്രാർത്ഥിച്ചു. ആയിരങ്ങൾ ആ മനുഷ്യന് വേണ്ടി കണ്ണീരൊഴുക്കുകയും വിലപിക്കുകയും ചെയ്തു. ഇന്നും ആ മനുഷ്യന്റെ വേർപാട് ഉൾക്കൊള്ളാനാകാത്ത ഒരുപറ്റം ജനതയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. “പുനീത് രാജ്‌കുമാർ”. സാന്താൾ വുഡ് ഏറെ സ്നേഹത്തോടെ, അഭിമാനത്തോടെ ‘അപ്പു’ എന്ന് വിളിക്കുന്ന കന്നഡികയുടെ സ്വന്തം പുനീത് രാജ്‌കുമാർ. അദ്ദേഹത്തിന്റെ ഓർമകൾക്ക് ഇന്ന് നാല് വയസ്സാണ്. അദ്ദേഹം ബാക്കിവെച്ച ഒരുപിടി മികച്ച കഥാപാത്രങ്ങളുടെയും, പകരം വെക്കാനില്ലാത്ത മനുഷ്യ സ്നേഹത്തിന്റെയും ശൂന്യത ഏറ്റവും ഭീകരമായി ഇന്നും നിലനിൽക്കുകയാണ്. എക്കാലത്തെയും പ്രിയപ്പെട്ട കലാകാരന് സെല്ലുലോയ്ഡിന്റെ ഓർമപ്പൂക്കൾ.

മറ്റു ഇൻഡസ്ട്രികളെ പോലെ കന്നഡ ഇൻഡസ്ട്രി അത്രകണ്ട് പുറത്തേക്ക് വളരാത്ത കാലത്ത് പോലും കന്നഡ എന്ന ഭാഷയെ ഇന്ത്യൻ സിനിമാ പ്രേമികൾക്ക് അതി മനോഹരമായി പരിചയപ്പെടുത്തിയ നടനായിരുന്നു “രാജ്‌കുമാർ”. തന്റെ മാതൃഭാഷയെ അത്ര കണ്ട് സ്നേഹിച്ച മറ്റൊരു മനുഷ്യനുണ്ടോ എന്ന് സംശയമാണ്. കന്നഡികർ അത്ര കണ്ട് കൊണ്ട് നടന്ന ആ മഹാ നടന്റെ അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയ പുത്രനായാണ് പുനീതിന്റെ ജനനം. കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തിൽ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്‌കുമാർ നായകനായ ചിത്രങ്ങളിൽ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹനാക്കി.

അപ്പു (2002) എന്ന ചിത്രത്തിലൂടെയാണ് പുനീതിന്റെ ആദ്യ നായക വേഷം. ആദ്യ ചിത്രത്തിലെ കഥാപാത്രത്തോടൊപ്പം തന്നെ അപ്പു എന്ന പേരിൽ പുനീത് സന്ദാളിനെ ഭരിച്ചു. പിന്നീട് അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പർതാരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്. ജേഷ്ഠൻ ശിവരാജ്‌കുമാറും ഒട്ടും മോശമല്ല. ആദ്യ മൂന്നു ചിത്രത്തിലൂടെ ഹാട്രിക് ഹിറ്റടിച്ച ശിവരാജ് കുമാറിന്റെ ആദ്യ 21 ചിത്രങ്ങളും വാണിജ്യപരമായി വിജയമായിരുന്നു. അദ്ദേഹത്തിന്റെ “ഓം” എന്ന ചിത്രമാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റീ റിലീസ് ചെയ്ത ചിത്രം. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നൂറോളം ചിത്രങ്ങളിൽ പുനീത് പാടിയിട്ടുണ്ട്. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡദ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളിൽ അവതാരകനായി തിളങ്ങി.

“ബെട്ടഡ ഹൂവുവിലെ” രാമു എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ആദ്യമായി അദ്ദേഹം സ്വന്തമാക്കി. ചാലിസുവ മൊഡഗലു , ഏറാടു നക്ഷത്രഗലു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡും അദ്ദേഹം നേടി . മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ഒരു ദേശീയ ചലച്ചിത്ര അവാർഡ് , നാല് കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , ആറ് ഫിലിംഫെയർ സൗത്ത് അവാർഡുകൾ , അഞ്ച് സൈമ അവാർഡുകൾ എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. മൈസൂരു സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. മരണാനന്തരം 2022 നവംബർ 1-ന് കർണാടക സർക്കാർ പുനീത് രാജ്കുമാറിന് സംസ്ഥാനത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കർണാടക രത്‌ന നൽകി ആദരവ് നൽകി.

മാധ്യമങ്ങളും ആരാധകരും പുനീതിനെ “പവർ സ്റ്റാർ” എന്ന് വിളിപ്പേരിട്ടു. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രധാനമായും കുടുംബ നാടകങ്ങളും ആക്ഷൻ സിനിമകളുമായിരുന്നു , എന്നാൽ പിആർകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച സിനിമകൾ കുടുംബ ബന്ധങ്ങളുടെ പ്രമേയവും സാമൂഹിക സന്ദേശങ്ങൾ നൽകുന്നതുമായ കോമഡി നാടക വിഭാഗത്തിലായിരുന്നു. പല ലക്ഷ്യങ്ങളെയും പിന്തുണയ്ക്കാൻ പുനീത് തനിക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗപ്പെടുത്തിയിരുന്നു, എന്നാൽ അവയ്ക്ക് പ്രതിഫലം വാങ്ങാൻ അദ്ദേഹം ഒരിക്കലും തുനിഞ്ഞിരുന്നില്ല. കുട്ടികളെ ദൈവത്തെപ്പോലെ കാണണമെന്ന അച്ഛന്റെ ഉപദേശം അയാളെന്നും ചേർത്തു നിർത്തിയിരുന്നു. അയാൾ മറ്റൊരു രാജ്‌കുമാർ തന്നെയായിരുന്നു.

അദ്ദേഹം എല്ലാ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഫീസ് സ്ഥിരമായി സ്പോൺസർ ചെയ്തിരുന്നു, കൂടാതെ സംസ്ഥാനത്തെ നിരവധി കന്നഡ-മീഡിയം സ്കൂളുകളെ സാമ്പത്തികമായി സഹായിച്ചിരുന്നു. 2013 ൽ, സംസ്ഥാന സർക്കാർ വിദ്യാഭ്യാസ അവകാശ (ആർ‌ടി‌ഇ) ക്വാട്ടയിൽ നിരവധി സീറ്റുകൾ ഒഴിവുണ്ടെന്ന് കണ്ടെത്തിയപ്പോൾ, പത്ര-ടിവി പരസ്യങ്ങളിലൂടെ നിയമനിർമ്മാണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അവർ പുനീതിനെയും രാധിക പണ്ഡിറ്റിനെയും ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു. സർവ ശിക്ഷാ അഭിയാന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ, കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ അദ്ദേഹം പലപ്പോഴും മാതാപിതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 2020 ൽ കോവിഡ്-19 പാൻഡെമിക് ഇന്ത്യയെ ബാധിച്ചപ്പോൾ, സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ പുനീത് സജീവമായി ഇടപെട്ടു. കർണാടക സർക്കാരിന്റെ ഒരു വീഡിയോയിൽ, രോഗം നിയന്ത്രിക്കുന്നതിൽ സർക്കാരിനെ പിന്തുണയ്ക്കാൻ അദ്ദേഹം ആളുകളോട് അഭ്യർത്ഥിക്കുന്നത് കാണാം. ഇതിനുപുറമെ, കോവിഡ്-19 അണുബാധയുടെ ആദ്യ തരംഗത്തിനിടയിൽ, 2020 മാർച്ചിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനീത് 50 ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തു.

പുനീത് രാജ്കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ജനസാഗരം, സംസ്ഥാനത്തെ അദ്ദേഹത്തിന്റെ ഐക്കണിക് പദവിയുടെ തെളിവായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, പുനീത് രാജ്കുമാർ ഒരു നടനിൽ നിന്ന് തന്റെ പിതാവ് ഡോ. രാജ്കുമാറിനെപ്പോലെ ഒരു ഐക്കണായി വളർന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് കർണാടക സംസ്ഥാനം മുഴുവൻ ദുഃഖാചരണം നടന്നു . ആരാധകരെ നിയന്ത്രിക്കാൻ പല പ്രദേശങ്ങളിലും സെക്ഷൻ 144 നടപ്പിലാക്കി. പുനീത് രാജ്കുമാറിന്റെ മരണശേഷം ബാംഗ്ലൂരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വെള്ളിയാഴ്ച ബാംഗ്ലൂരിലെ ഓഫീസുകളും കടകളും അടച്ചുപൂട്ടി, അനൗദ്യോഗിക ബന്ദ് പ്രഖ്യാപിച്ചു, ബാംഗ്ലൂരിലുടനീളമുള്ള നിരവധി സിനിമാ തിയേറ്ററുകൾ ഇന്ന് അടച്ചിടുകയും നഗരത്തിൽ സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തുകയും ചെയ്തു. പുനീത് രാജ്കുമാറിന്റെ മരണവാർത്ത വന്നതിനെത്തുടർന്ന് നഗരത്തിലുടനീളമുള്ള നിരവധി ജനപ്രിയ പബ്ബുകളും അടച്ചു.

നടനായും, മനുഷ്യനായും ഒരുപോലെ വിജയിച്ചൊരു പ്രതിഭ. ഭാഷയുടെ അതിര് വരമ്പുകൾ ഭേദിച്ച് അയാളിന്നും ലക്ഷോപലക്ഷം ആളുകളുടെ ഹൃദയത്തിൽ മനോഹരമായി ജീവിക്കുന്നു. അപ്പു എന്ന പേര് ഏറ്റവും അഭിമാനത്തോടെ ഒരു ജനത ഇന്നും ഉച്ചരിക്കുന്നു. ഓർമ ദിനത്തിലും, ജന്മദിനത്തിലും ആളുകൾ മൗനമായി അദ്ദേഹത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു. കാലമെത്ര കഴിഞ്ഞാലും ഒരു ജന്മം കൊണ്ട് അയാൾ നേടിയെടുത്ത സ്നേഹവും കരുതലും എന്നും കന്നഡിക മണ്ണിൽ നിൽ നിൽക്കും, സാന്താൾ വുഡിന്റെ രാജകുമാരന് ഒരിക്കൽ കൂടെ ഹൃദയത്തിൽ നിന്ന് പ്രണാമം.