“ഇനിയാർക്കും ഇത്തരമൊരനുഭവം ഉണ്ടാകരുത്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അവരാണ്”; രേഖ രതീഷ്

','

' ); } ?>

യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദത്തിലാണെന്നും, പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് വീഡിയോ പങ്കുവെച്ച് നടി രേഖ രതീഷ്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം തനിക്കെതിരെ നെഗറ്റീവ് പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സാണെന്നും രേഖ വീഡിയോയിലൂടെ പറഞ്ഞു. കൂടാതെ ഇത്തരം ആക്രമണങ്ങളുടെ ഫലമായി ജീവൻ പൊലിഞ്ഞ ഒരുപാട് പേരുണ്ടെന്നും, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുതെന്നും രേഖ കൂട്ടിച്ചേർത്തു.

‘പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ.’ രേഖ പറഞ്ഞു.

“എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മർദം കാരണം ജീവിക്കാൻ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വീഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം. എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം.’ രേഖ കൂട്ടിച്ചേർത്തു.

രേഖ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേർ താരത്തിന് പിന്തുണയറിയിച്ച് വീഡിയോയ്ക്ക് താഴെ കമൻ്റുകളിട്ടു. തളരരുത്, കൂടെയുണ്ട്, ഈ സമയവും കടന്ന് പോകും, ഇത്തരം യുട്യൂബ് ചാനലുകളെ നിരോധിക്കണം, പോലീസ് സ്റ്റേഷനിൽ പരാതി നൽകണം എന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. പരസ്പ്പരം, സസ്നേഹം, ഓട്ടോഗ്രാഫ്, സ്നേഹക്കൂട് തുടങ്ങി വിവിധ ചാനലുകളിലെ ഒട്ടേറെ പരമ്പരകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് രേഖാ രതീഷ്.