
രജിനികാന്ത്-കമൽ ഹാസൻ ചിത്രത്തിൽ നിന്നും സംവിധായകൻ സുന്ദർ. സി പിന്മാറാനുള്ള കാരണം സ്ക്രിപ്റ്റിൽ രജനികാന്ത് തൃപ്തനല്ലാത്തത് കൊണ്ടാണെന്നും, കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ രജിനികാന്ത് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു. അതേ സമയം ചിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദർ സി നിർമാതാക്കളായ രാജ്കമൽ ഫിലിംസിനെ അറിയിച്ചില്ലെന്നും വാർത്തകളുണ്ട്.
ചിത്രത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് സുന്ദർ സി പങ്കുവെച്ച പോസ്റ്റ് ഇന്നലെ അദ്ദേഹം നീക്കം ചെയ്തിരുന്നു. ലൈവർ സിനിമയുമായി കമൽ ഹാസൻ മുന്നോട്ട് പോകുമെന്നും സുന്ദർ സിയ്ക്ക് പകരം മറ്റൊരു സംവിധായകനെ കൊണ്ടുവരുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. 2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു – തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം,’ എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കമൽ കുറിച്ചത്.