20 വർഷങ്ങൾക്ക് ശേഷം റി റിലീസ്: മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 8.25 കോടി സ്വന്തമാക്കി വിജയ് യുടെ ‘ സച്ചിൻ’

','

' ); } ?>

റി റിലീസിൽ മികച്ച വിജയം നേടി ദളപതി വിജയ് യുടെ ‘സച്ചിൻ’. റിലീസായി 20 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയത്. ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 8.25 കോടി സ്വന്തമാക്കിയെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 6 കോടിയും തമിഴ്നാട്ടിൽ നിന്ന് നേടിയതാണ്. ചിത്രം കർണാടകയിൽ നിന്ന് 0.55 കോടി രൂപ നേടിയപ്പോൾ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് 0.20 കോടി രൂപ വാരിക്കൂട്ടി. ഇതോടെ ആദ്യ വാരാന്ത്യത്തിൽ ഏകദേശം 12 കോടി രൂപ കളക്ഷൻ നേടിയ ഗില്ലിക്ക് ശേഷം ഏറ്റവും മികച്ച കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് റീ-റിലീസ് ചിത്രമായി സച്ചിൻ മാറി

വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് സച്ചിൻ. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്. . മികച്ച വരവേൽപ്പാണ് എല്ലായിടത്തും സിനിമയ്ക്ക് ലഭിക്കുന്നത്. ഗംഭീര സ്വീകരണമാണ് സച്ചിന് തമിഴ്‌നാട്ടിൽ ലഭിക്കുന്നത്. പല തിയേറ്ററുകളിലും എക്സ്ട്രാ ഷോസ് അടക്കം സംഘടിപ്പിക്കുന്നുണ്ട്. തിയേറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗില്ലിയ്ക്ക് ശേഷം റീ റിലീസിൽ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും അഭിപ്രായമുണ്ട്.

ഗില്ലി നേടിയ 32 കോടിയാണ് റീ റിലീസിൽ ഒരു തമിഴ് സിനിമ നേടിയ ഏറ്റവും വലിയ കളക്ഷൻ. സച്ചിൻ ഈ കളക്ഷനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസിനിടെ രജനികാന്തിൻ്റെ ചന്ദ്രമുഖിയോടും കമൽഹാസൻ്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ചെറിയ മാറ്റങ്ങളോടെ മഹേന്ദ്രന്റെ 2002-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ നീതോയുടെ റീമേക്കാണ് ചിത്രം. 2005 ഏപ്രിൽ 14 നാണ് സച്ചിൻ ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്തത്.