“ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ജോജു”; പിറന്നാളാശംസകളുമായി രവി കെ. ചന്ദ്രൻ

','

' ); } ?>

നടനും നിർമ്മാതാവുമായ ജോജു ജോർജിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രൻ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കമൽഹാസനൊപ്പം ജോജു നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് രവി ആശംസ അറിയിച്ചിരിക്കുന്നത്. ഒടിഞ്ഞ കാലുമായി ഒരു ആക്‌ഷൻ രംഗം അഭിനയിച്ചു പൂർത്തിയാക്കിയ ജോജുവിൻ്റെ പ്രൊഫഷണലിസത്തെ എടുത്തു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“സിനിമയോടുള്ള ആത്മാർഥമായ സമർപ്പണവും സ്നേഹവുമുള്ള രണ്ട് വലിയ വ്യക്‌തികൾ. ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്ഷൻ രംഗമാണ് ജോജു പൂർത്തിയാക്കിയത്. പ്രിയപ്പെട്ട ജോജുവിന് ജന്മദിനാശംസകൾ.” രവി കെ. ചന്ദ്രൻ കുറിച്ചു.

നിരവധി ചലച്ചിത്ര പ്രവർത്തകരും ആരാധകരും ജോജു ജോർജിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ‘തഗ് ലൈഫ്’ എന്ന സിനിമയിൽ കമൽഹാസനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ സിനിമയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണ് രവി കെ. ചന്ദ്രൻ പങ്കുവച്ചത്. അദ്ദേഹം തന്നെയായിരുന്നു ഈ സിനിമയുടെ ഛായാഗ്രഹണവും. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ ജോജു, നിലവിൽ തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലും സജീവമാണ്.

മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോല, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും ജോജു സ്വന്തമാക്കിയിട്ടുണ്ട്.