
പുലിപ്പല്ല് കേസിൽ റാപ്പർ വേടന് (ഹിരണ്‍ ദാസ്) കനത്ത തിരിച്ചടി. വേടൻ്റെ പക്കൽനിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെ കേസിൽ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
നേരത്തെ വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് പുലിപ്പല്ലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ കൃത്യമായ ശാസ്ത്രീയ തെളിവ് ഉറപ്പാക്കുന്നതിനാണ് തുടർപരിശോധനയ്ക്കായി സാമ്പിളുകൾ കൊൽക്കത്തയിലെ ലാബിലേക്ക് അയച്ചത്. നിലവിൽ ജാമ്യത്തിലുള്ള വേടന് പുതിയ ലാബ് റിപ്പോർട്ട് വരും ദിവസങ്ങളിൽ വലിയ നിയമക്കുരുക്കായി മാറും.
കഴിഞ്ഞ വർഷം ഏപ്രിലിൽ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് വേടൻ ഉൾപ്പെടെ ഒമ്പത് പേർ കഞ്ചാവുമായി പിടിയിലാകുന്നത്. പരിശോധനയ്ക്കിടെ വേടൻ്റെ കഴുത്തിലുണ്ടായിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് പോലീസിന് സംശയം തോന്നി. തുടര്‍ന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ലോക്കറ്റ് കസ്റ്റഡിയിലെടുക്കുകയും വന്യജീവി സംരക്ഷണ നിയമപ്രകാരം വേടനെതിരെ കേസെടുക്കുകയും ചെയ്തു. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ വനംവകുപ്പ് വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഈ കേസിലും താരം ജാമ്യം നേടി.
ചെന്നൈയിൽ നടന്ന ഒരു സംഗീതപരിപാടിക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ സ്വദേശിയായ ആരാധകൻ തനിക്ക് സമ്മാനിച്ചതാണ് ഈ മാലയെന്നാണ് വേടൻ അന്വേഷണസംഘത്തിന് നൽകിയ മൊഴി. സോഷ്യൽ മീഡിയ വഴി മാത്രമാണ് ഇയാളുമായി പരിചയമുള്ളതെന്നും വേടൻ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണസംഘത്തിന് ഈ ആരാധകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ യുകെയിലേക്കോ ഫ്രാൻസിലേക്കോ കടന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം. വേടൻ്റെ മൊഴി വ്യാജമാണോ അതോ വന്യജീവി ഉൽപന്നങ്ങൾ കടത്തുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.