‘താൻ കണ്ടതിൽ വച്ചേറ്റവും മതേതരമായ ഇടം ബോളിവുഡാണ്, ഇവിടെ യോഗ്യതയാണ് പ്രധാനം’ ;റഹ്മാന് മറുപടിയുമായി റാണി മുഖർജി

','

' ); } ?>

ബോളിവുഡിൽ അവസരം കുറഞ്ഞതിനുപിന്നിൽ വർഗീയപരമായ കാരണങ്ങളാണെന്ന ആർ റഹ്മാന്റെ പരാമർശത്തിനെ വിമർശിച്ച് ബോളിവുഡ് നടി റാണി മുഖർജി. ‘താൻ കണ്ടതിൽ വച്ചേറ്റവും മതേതരമായ ഇടം ബോളിവുഡാണെന്നും, മുപ്പതുവർഷം ഇൻഡസ്ട്രിയിൽ നിന്നും അത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടില്ലെന്നും റാണി മുഖർജി പറഞ്ഞു. ഡിഡി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

“ബോളിവുഡ് ആണ് ഏറ്റവും മതേതരമായ ഇടം, അങ്ങനെയാണ് താൻ വിശ്വസിക്കുന്നത്. ജാതിയുടേയോ, മതത്തിൻ്റെയോ പേരിലുള്ള വിവേചനമില്ല. മുപ്പതുവർഷം ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നയാൾ എന്നനിലയ്ക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടേയില്ല. ഈ ഇൻഡസ്ട്രിയാണ് എന്നെ ഇന്നത്തെ നിലയിലേക്കെത്തിച്ചത്. ഇവിടെ യോഗ്യതയാണ് പ്രധാനം. ഇവിടെ നിങ്ങളുടെ തൊഴിലാണ് നിങ്ങൾക്കുവേണ്ടി സംസാരിക്കുക, ആത്യന്തികമായി പ്രേക്ഷകരുമായി അടുക്കുന്നവരാണ് അതിജീവിക്കുകയും വിജയിക്കുകയും ചെയ്യുന്നത്.” റാണി മുഖർജി പറഞ്ഞു.

ബിബിസി ഏഷ്യൻ നെറ്റ് ർക്കിനു നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ വിവാദ പരാമർശം. കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം തനിക്ക് അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള പരാമർശമാണ് വിവാദമായത്. പരാമർശം വിവാദമായതിനു പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രശസ്‌തരുൾപ്പെടെ നിരവധിപേർ രംഗത്തെത്തി. പരാമർശം വിദ്വേഷ ചർച്ചകൾക്കുകൂടി വഴിവെച്ചതോടെ റഹ്മാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും വീഡിയോ സന്ദേശത്തിലൂടെ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്നും റഹ്മാൻ പറഞ്ഞു.