രണ്ടാമൂഴം കേസ് : മധ്യസ്ഥനെ നിയോഗിക്കേണ്ട, ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി

രണ്ടാമൂഴം കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണല്‍ മുന്‍സീഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴാം തിയ്യതി വീണ്ടും പരിഗണിക്കും.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. തിരക്കഥ നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതില്‍ എംടി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതിനാല്‍ മധ്യസ്ഥന്റെ ആവശ്യമില്ലെന്നും എം ടി വാസുദേവന്‍ നായരുടെ അഭിഭാഷകന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കേസ് വേഗം തീരാന്‍ മധ്യസ്ഥനെ നിയോഗിക്കണമെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്റെ ആവശ്യം.

തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാണ കമ്പനിയായ എയര്‍ ആന്‍ഡ് എര്‍ത്ത് ഫിലിംസിനെയും താല്‍ക്കാലികമായി കോടതി വിലക്കിയിരുന്നു. തുടര്‍ന്ന് സംവിധായകന്‍ കോഴിക്കോട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും എം.ടിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല.