രണ്ടാമൂഴം ; ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴം വൈകുന്നതിനെത്തുടര്‍ന്ന് എംടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ ഏഴിലേക്ക് മാറ്റി. ചിത്രത്തിന്റെ തിരക്കഥ തിരിച്ചു വേണമെന്നാവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്.രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥനെ വേണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, ഇരുകക്ഷികളും ആവശ്യപ്പെട്ടാല്‍ ഹര്‍ജി നേരത്തെ പരിഗണിച്ചേക്കും.

മഹാഭാരതത്തിലെ ഭീമസേനനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള കഥയുടേയും അതിനെ ആസ്പദമാക്കി എംടി തന്നെ രചിച്ചിട്ടുള്ള തിരക്കഥയുടേയും സിനിമാ പകര്‍പ്പവകാശം പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതില്‍ താമസം നേരിട്ടതിനാല്‍ എംടി ആ കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ ‘രണ്ടാമൂഴ’ത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ തടസ്സ ഹര്‍ജിയും നല്‍കി. അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.