
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്ത് ചെയ്യാമെന്നേറ്റിരുന്ന സിനിമകളിൽനിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കിനൽകിയെന്നും തുറന്ന് പറഞ്ഞ് നടൻ റാണ ദഗ്ഗുബട്ടി. കരിയറിൽ ഒരു സിനിമ ചെയ്‌ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായതെന്നും, തീവ്രമായ ചികിത്സ തൻ്റെ രൂപത്തെ ഗണ്യമായി മാറ്റിയതായും റാണ ദഗ്ഗുബട്ടി പറഞ്ഞു. റിയ ചക്രബർത്തിയുടെ പോഡ്‌കാസ്റ്റ് ഷോ ആയ ചാപ്റ്റർ 2-ലായിരുന്നു റാണയുടെ വെളിപ്പെടുത്തൽ.
“കരിയറിൽ ഒരു സിനിമ ചെയ്‌ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സാർത്ഥം സിനിമയിൽനിന്ന് ഇടവേളയെടുക്കേണ്ടിവന്നു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ അതിജീവിക്കുന്നതിലായിരുന്നു. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, തീവ്രമായ ചികിത്സ തൻ്റെ രൂപത്തെ ഗണ്യമായി മാറ്റിയതായി തിരിച്ചറിഞ്ഞു. ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടി.
ആരോഗ്യ പ്രതിസന്ധിയുടെ അനന്തരഫലങ്ങളിലൊന്ന്, അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകാനുള്ള തീരുമാനമായിരുന്നു. ഒരു ഗുസ്തിക്കാരൻ്റെ കഥ പറയുന്ന പ്രോജക്റ്റ് ഉൾപ്പെടെയുള്ള വേഷങ്ങൾക്ക് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ല. അക്കാരണത്താൽ ആ ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക മുഴുവൻ തിരികെ നൽകി.”റാണ ദഗ്ഗുബട്ടി പറഞ്ഞു.
ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ കാന്ത എന്ന ചിത്രമാണ് റാണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയുടെ നിർമാതാവും റാണയായിരുന്നു. മിറൈ, പരാശക്തി എന്നീ ചിത്രങ്ങളിൽ കാമിയോ വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.