
പടയപ്പയുടെ റിലീസ് സമയത്ത് നെഗറ്റീവ് റോൾ ഒരു നായിക ചെയ്യുന്നത് കൊണ്ട് സ്ക്രീനുകൾ വലിച്ചു കീറുന്ന സംഭവങ്ങൾ നടന്നിരുന്നുവെന്ന് വെളിപ്പെടുത്തി നടി രമ്യ കൃഷ്ണൻ. അത്തരമൊരു കോൺസപ്റ്റ് അക്കാലത്ത് അല്അകൽ അംഗീകരിക്കില്ലായിരുന്നുവെന്നും, ആ കഥാപാത്രത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതെ അതുപോലെ നിലനിർത്തിയത് രജനികാന്താണെന്നും രമ്യ കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് ‘പടയപ്പ’. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് കഴിഞ്ഞപ്പോൾ അവിടെ ഉള്ള ജൂനിയേഴ്സ് തന്നോട് കുറച്ച് കാലത്തേക്ക് മദ്രാസിലേക്ക് വരാതിരിക്കുന്നത് നല്ലതായിരിക്കും എന്ന് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് നടി.
‘രജനി സാറിനിന് ഓപ്പോസിറ്റ്, അതും നായിക നെഗറ്റീവ് വേഷം ചെയ്യാൻ ആരും തയ്യാറാകില്ല. അത് കുറച്ച് അധികം റിസ്ക്ക് ഉള്ള പരിപാടിയാണ്. സൂപ്പർ സ്റ്റാറിന് നെഗറ്റീവ് റോൾ ഓപ്പോസിറ്റ് ചെയ്യുന്നത് ഭയപ്പെടുത്തുന്ന സംഭവം ആണ്. മാത്രമല്ല ഒരു നായിക നെഗറ്റീവ് ആകുന്നത് അതിലും വലിയ റിസ്ക്ക് ആണ്. ക്ലൈമാക്സ് ഷൂട്ട് കഴിഞ്ഞപ്പോൾ അവിടെ ഉള്ള ജൂനിയേഴ്സ് എന്നോട് പറഞ്ഞു നിങ്ങൾ കുറച്ച് കാലത്തേക്ക് മദ്രാസിലേക്ക് വരേണ്ട എന്ന്. സിനിമ റീലീസ് സമയത്ത് ഞാൻ മദ്രാസിൽ ഇല്ല. പക്ഷെ, തിയേറ്ററിലെ സ്ക്രീനുകൾ വലിച്ച് കീറുന്ന സംഭവം ഉണ്ടായിരുന്നു.’ രമ്യ കൃഷ്ണൻ പറഞ്ഞു.
‘ഒരാഴ്ച വരെ ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. അത് കുറച്ച് ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. പക്ഷെ ആ കഥാപാത്രത്തെ അതുപോലെ നിലനിർത്തിയതിന് രജനി സാറിന് കയ്യടികൾ ലഭിക്കേണ്ടതാണ്. ആ സിനിമ കണ്ടാൽ അറിയാം നായികയ്ക്ക് നല്ല പ്രാധാന്യം ഉണ്ട്, ഷോ മുഴുവൻ നടത്തുന്നത് അവരാണ്. അത് അറിഞ്ഞിട്ടും രജനി സാർ അങ്ങനെ നിലനിർത്തിയത് വലിയ കാര്യമാണ്,’ രമ്യ കൃഷ്ണൻ കൂട്ടിച്ചേർത്തു.
സിനിമയിലെ പാട്ടുകളും മാസ് സീനുകളും സോഷ്യൽ മീഡിയിൽ ഇപ്പോഴും ട്രെൻഡിങ് ആണ്. രജനികാന്തിന്റെ സ്റ്റൈൽ മാത്രമല്ല രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരിയുടെ ആറ്റിറ്റ്യൂഡിനും കയ്യടികൾ ലഭിക്കുന്നുണ്ട്. നേരത്തെ നീലാംബരിയാക്കാൻ ഐശ്വര്യ റായിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ അത് നടകാത്തെ പോയത് കൊണ്ടാണ് രമ്യയിലേക്ക് എത്തിയതെന്നും രജനി പറഞ്ഞിരുന്നു. ഐശ്വര്യയെക്കാൾ നീലാംബരിയുടെ വേഷം രമ്യയ്‌ക്കാണ് ചേരുന്നതെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് പടയപ്പ. അഞ്ച് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി. സിനിമയുടെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും എ ആർ റഹ്മാനാണ് ഒരുക്കിയത്. പുറത്തിറങ്ങി വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുകയാണെന്ന് നേരത്തെ രജനി വെളിപ്പെടുത്തിയിരുന്നു.