
നടിയും സുഹൃത്തുമായ സൗന്ദര്യയെ കുറിച്ചോർത്ത് വിതുമ്പി നടി രമ്യ കൃഷ്ണൻ. “സൗന്ദര്യ സ്വന്തം അധ്വാനം കൊണ്ട് വളർന്നു വന്നതിനു താൻ സാക്ഷ്യം വഹിച്ചതാണെന്നും, പ്രശസ്തി ഒരു തരത്തിലും അവളെ മാറ്റിയിരുന്നില്ലെന്നും രമ്യ കൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം ജഗപതി ബാബു അവതാരകനായ ടോക്ക് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു താരം.
”ഞാനും സൗന്ദര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് 1995 ല്‍ അമ്മൊരു എന്ന ചിത്രത്തിലാണ്. പടയപ്പയടക്കം അവള്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ നിഷ്കളങ്കയായൊരു പെണ്‍കുട്ടി സ്വന്തം അധ്വാനത്താല്‍ വളര്‍ന്നു വരുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചു. പ്രശസ്തി ഒരു തരത്തിലും അവളെ മാറ്റിയിരുന്നില്ല. വളര നല്ലൊരു വ്യക്തിയും സുഹൃത്തുമായിരുന്നു സൗന്ദര്യ”, രമ്യ കൃഷ്ണൻ പറഞ്ഞു.
പടയപ്പയില്‍ നിന്നുള്ള രമ്യയുടേയും സൗന്ദര്യയുടേയും ഒരു രംഗം കാണിച്ചു കൊണ്ടാണ് ജഗപതി ബാബു സംസാരിച്ച് തുടങ്ങിയത്. വിഡിയോ കണ്ടതും രമ്യയുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. പേരുപോലെ തന്നെ സൗന്ദര്യമുള്ളൊരു ഹൃദയത്തിന് ഉടമയായിരുന്നു സൗന്ദര്യയെന്നാണ് ജഗപതി ബാബു പറഞ്ഞത്. പിന്നാലെ രമ്യയും സൗന്ദര്യയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പടയപ്പയിലെ രമ്യ കൃഷ്ണന്റെ വില്ലന്‍ വേഷം ഇന്നും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. പടയപ്പയില്‍ സൗന്ദര്യയുടെ കഥാപാത്രത്തോട് രമ്യയുടെ നീലാംബരി ചെയ്യുന്ന ക്രൂരതകള്‍ക്ക് കണക്കില്ല.
തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന നായികയായിരുന്നു സൗന്ദര്യ. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 2004ലുണ്ടായ വിമാനപകടത്തിലാണ് താരം കൊല്ലപ്പെടുന്നത്. മരിക്കുമ്പോള്‍ സൗന്ദര്യയുടെ പ്രായം 31 ആയിരുന്നു. അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന് അമര്‍നാഥും കൊല്ലപ്പെട്ടു. ബിജെപിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുമ്പോഴായിരുന്നു അപകടം.