പൊള്ളാച്ചി കാറ്റാടി പാടങ്ങള്‍ക്ക് നടുവില്‍ ഗാനഗന്ധര്‍വന്‍ ചിത്രീകരണം പൂര്‍ത്തിയായി: രമേശ് പിഷാരടി

','

' ); } ?>

ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസിന്റെ ജീവിതത്തെ ആസ്പദമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൊള്ളാച്ചിയില്‍ വെച്ചായിരുന്നു അവസാന ഘട്ട ചിത്രീകരണം. രമേശ് പിഷാരടി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്ത് വിട്ടത്.

”സുഹൃത്തുക്കളെ ..
പൊള്ളാച്ചിയിലെ കാറ്റാടി പാടങ്ങള്‍ക്കു നടുവില്‍ മമ്മുക്ക നായകനാകുന്ന ഗാനഗന്ധര്‍വന്റെ ചിത്രീകരണം പൂര്‍ത്തിയായി ……കൂടെയുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി ..”

പിഷാരടി തന്റെ പേജിലൂടെ പറഞ്ഞു. പഞ്ച വര്‍ണതത്ത എന്ന ചിത്രത്തിന് ശേഷം രമേശ് പിഷാരടി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാന ഗന്ധര്‍വ്വന്‍. പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്.

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിoഗും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം. ചിത്രം ഓണം റിലീസായി തീയേറ്ററില്‍ എത്തും.