
ജീവിതാനുഭവമില്ലാത്തവരുടെ മോട്ടിവേഷന്‍ സ്പീക്കിംഗ് കേട്ട് ഇറങ്ങിത്തിരിച്ചാല്‍ പെട്ടുപോകുമെന്ന് നടൻ രമേശ് പിഷാരടി. കംഫര്‍ട്ട് സോണ്‍ പൊട്ടിക്കുക എന്നതല്ല അത് പൊട്ടിച്ചിട്ട് എവിടെ പോകും എന്നതിലാണ് കാര്യമെന്നും, ലോകത്തെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ ഒരു കിണയും അറിയാത്തവന്മാരാണ് മോട്ടിവേറ്റ് ചെയ്യുന്നതെന്നും രമേശ് പിഷാരടി പറഞ്ഞു. കൂടാതെ അച്ഛന്‍ ലോണ്‍ അടക്കുന്നത് കൊണ്ടാണ് ഇവരൊക്കെ ഈ പണിക്കിറങ്ങുന്നതെന്നും, ഒമ്പതര ശതമാനം പലിശയ്ക്ക് ലോണ്‍ എടുത്ത് കൊടുത്താല്‍ ഇവര്‍ മോട്ടിവേഷന്‍ നിര്‍ത്തി പണിക്കു പോകുമെന്നും പിഷാരടി കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ വാക്കുകള്‍ കേള്‍ക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
”മോട്ടിവേഷന്‍ മുട്ടി എന്നാണ് ആളുകള്‍ മരിക്കുക എന്ന് അറിഞ്ഞാല്‍ മതി. അത്രത്തോളം മോട്ടിവേഷന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലുണ്ട്. ഞാന്‍ നോക്കുമ്പോള്‍ ഒരു പത്ത് വയസുള്ള ചെക്കന്‍ നിന്ന് മോട്ടിവേറ്റ് ചെയ്യുന്നു. അവന്‍ എന്ത് കണ്ടിട്ടാണ്, എന്ത് ജീവിതാനുഭവമുണ്ടായിട്ടാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതെന്ന് ഒരു പിടുത്തവുമില്ല. നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലാവില്ല അവന്‍ ജീവിക്കാന്‍ പോകുന്നത്. അത്തരക്കാര്‍ പറയുന്ന കാര്യങ്ങളൊന്നും നമ്മള്‍ കേള്‍ക്കേണ്ടതില്ല. മോട്ടിവേഷന്‍ തരുന്ന ആളുകള്‍ പറയുന്ന കാര്യമാണ് പാഷന് പിന്നാലെ പോവുകയെന്നത്. പക്ഷെ നിങ്ങള്‍ക്ക് പാഷനുള്ള സ്ഥലവും പ്രതിഭയുള്ള സ്ഥലവും ഒന്നല്ലെങ്കില്‍ പെട്ടുപോകും.” രമേശ് പിഷാരടി പറഞ്ഞു.
“ഫോര്‍മുല വണ്‍ റേസിങ് നടക്കുന്ന ട്രാക്കില്‍ ഓട്ടോറിക്ഷ കൊണ്ടു പോകുന്ന അവസ്ഥയായിരിക്കും അത്. ഇത്തരത്തിലുള്ള മോട്ടിവേഷന്‍ കൊണ്ട് നിങ്ങള്‍ തെറ്റായ ദിശയിലേക്ക് പോകും. കംഫര്‍ട്ട് സോണ്‍ പൊട്ടിക്കുക എന്നതല്ല അത് പൊട്ടിച്ചിട്ട് എവിടെ പോകും എന്നതിലാണ് കാര്യം എന്നും അദ്ദേഹം പറയുന്നു. ലോകത്തെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ ഒരു കിണയും അറിയാത്തവന്മാരാണ് മോട്ടിവേറ്റ് ചെയ്യുന്നത്. അച്ഛന്‍ ലോണ്‍ അടക്കുന്നത് കൊണ്ടാണ് മോട്ടിവേഷന്‍. ഒമ്പതര ശതമാനം പലിശയ്ക്ക് ലോണ്‍ എടുത്ത് കൊടുത്താല്‍ ഇവര്‍ മോട്ടിവേഷന്‍ നിര്‍ത്തി പണിക്കു പോകുന്നത് കാണിച്ചു തരാം എന്നും രമേശ് പിഷാരടി പറയുന്നുണ്ട്.” രമേശ് പിഷാരടി കൂട്ടിച്ചേർത്തു.