
‘രംഗീല’ യിലെ ഗാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സമയത്ത് എ ആർ റഹ്‌മാനെ തല്ലാൻ തോന്നിയിരുന്നെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ രാം ഗോപാല വർമ്മ. സമയമെടുത്ത് മന്ദഗതിയിലുള്ള എ.ആർ. റഹ്‌മാന്റെ പ്രവർത്തന ശൈലി തന്നെ അലോസരപ്പെടുത്തിയിരുന്നതായാണ് രാം ഗോപാൽ വർമ പറഞ്ഞത്. പ്രത്യേകിച്ചും ‘രംഗീല’ ഷൂട്ടിങ് സമയത്ത്. ‘ഹെയ് രാമ’ എന്ന ഐക്കോണിക് ഗാനം ചിട്ടപ്പെടുത്താനായി റഹ്മാന് ഒപ്പം നടത്തിയ ഗോവൻ യാത്രയെപ്പറ്റി അദ്ദേഹം എടുത്തു പറയുകയും ചെയ്തു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
“അഞ്ച് ദിവസമായിട്ടും റഹ്മാൻ ഒരു നോട്ട് പോലും കമ്പോസ് ചെയ്തില്ല. ഒരോ ദിവസവും പല ഒഴിവുകഴിവുകൾ പറഞ്ഞു. ഒടുവിൽ താൻ ചെന്നൈയിൽ പോകാമെന്നും അവിടെ നിന്ന് ട്യൂണ്‍ അയച്ചു തരാമെന്നുമായി. ഗോവ വിട്ടതിന് ശേഷമാണ് യഥാർഥ കാരണം റഹ്മാൻ വെളിപ്പെടുത്തിയത്. അദ്ദേഹം എന്നോട് പറഞ്ഞത്, ‘അടുത്ത തവണ ഹോട്ടൽ എടുത്ത് തരുമ്പോൾ അവിടെ ടിവി ഇല്ലെന്ന് ഉറപ്പാക്കണം. കാരണം, ഇത്രയും ദിവസം ഞാൻ ടിവി കാണ്ടിരിക്കുകയായിരുന്നു. എനിക്ക് അയാളെ അടിക്കാൻ തോന്നി. പക്ഷേ, ഒടുവിൽ ഹെയ് രാമ പാട്ട് കൊണ്ടുവന്നപ്പോൾ. ചില വലിയ കാര്യങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്ന് ഞാൻ കരുതുന്നു. അതാണ് അദ്ദേഹം തെളിയിച്ചത്,” രാം ഗോപാല വർമ്മ പറഞ്ഞു.
1995ൽ പുറത്തിറങ്ങിയ ‘രംഗീല’യിലെ ‘ഹെയ് രാമ’ എ.ആർ. റഹ്മാന്റെ 1990 കളിലെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിൽ ഒന്നാണ്. രാം ഗോപാൽ വർമ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആമിർ ഖാൻ, ഊർമ്മിള മതോണ്ട്കർ, ജാക്കി ഷ്രോഫ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.