
തന്റെ ഒടുവിലിറങ്ങിയ ചിത്രം “സാരി” യൂട്യൂബിൽ റിലീസ് ചെയ്ത് രാം ഗോപാൽ വർമ. രാംഗോപാൽ വർമയുടെ യൂട്യൂബ് ചാനലിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം സൗജന്യമായി പ്രേക്ഷകർക്ക് കാണാം. സാരി അണിഞ്ഞ ഒരു യുവതിയോട് യുവാവിന് തോന്നുന്ന അടങ്ങാത്ത പ്രണയം അപകടകരമായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
രണ്ടുദിവസം മുൻപാണ് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്. മൂന്നുലക്ഷത്തിലേറെ പേരാണ് ചിത്രം യൂട്യൂബിൽ ഇതുവരെ കണ്ടത്. നവാഗതനായ ഗിരി കൃഷ്ണ കമലാണ് സാരി സംവിധാനം ചെയ്തത്. സത്യാ യദുവാണ് ചിത്രത്തിലെ നായകൻ. ആരാധ്യയുടെ ആദ്യ സിനിമകൂടിയായിരുന്നു സാരി. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവിയേയും സത്യ യദുവിനേയും ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തുന്നതും സിനിമയിൽ അവസരം നൽകുന്നതും.
ചിത്രത്തിനുവേണ്ടി നിർമിത ബുദ്ധി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് നേരത്തെ വലിയ വാർത്തയായിരുന്നു. താമസിയാതെ സംഗീതരംഗം എഐ കീഴടക്കുമെന്നും സംഗീതം സാധാരണക്കാരിലേക്ക് എത്തുമെന്നുമാണ് ഇതേക്കുറിച്ച് രാം ഗോപാൽ വർമ പറഞ്ഞത്.