രജനിക്കായി കമലും ബിജെപിയും ആരാധകരും

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറ്റുനോക്കി നിന്ന തമിഴ്‌നാട് രാഷ്ട്രീയം രജനിയുടെ പുതിയ നീക്കത്തിനായുള്ള കാത്തിരിപ്പിലാണ്.
പാര്‍ട്ടി തുടങ്ങുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനുശേഷം പിന്തിരിയേണ്ടിവന്നത് രജനീകാന്തിനെ കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയെന്നാണ് വാര്‍ത്തകള്‍. ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന്റെ വേദന തനിക്കുമാത്രമേ അറിയുകയുള്ളൂവെന്നായിരുന്നു രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രജനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. രജനി ഏറെ സമ്മര്‍ദത്തിലാണെന്ന് പുതിയ പാര്‍ട്ടിയുടെ കോഓര്‍ഡിനേറ്ററായി നിയമിക്കപ്പെട്ടിരുന്ന അര്‍ജുന മൂര്‍ത്തിയും അറിയിച്ചു.

രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് ചികിത്സതേടിയപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമകാലം അവസാനിച്ചെങ്കിലും രജനി പുറത്തിറങ്ങിയിട്ടില്ല. പാതി വഴിയില്‍ മുടങ്ങിയ പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ചിത്രീകരണം പുനരാരംഭിക്കുന്നതും രജനിയുടെ തീരുമാനം അനുസരിച്ചായിരിക്കും. രജനി പൂര്‍ണ ആരോഗ്യവാനായി എത്തുന്നത് കാത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ രജനിയുടെ രാഷ്ട്രീയ നിലപാടിനായി മറ്റ് പാര്‍ട്ടികളും കാതോര്‍ത്തിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലെങ്കിലും രജനിയുടെ പിന്തുണ നേടാന്‍ ബി.ജെ.പി.യ്ക്കും കമല്‍ഹാസനുമിടയില്‍ മത്സരമുണ്ട്. ഇരുകൂട്ടരും ശുഭാപ്തിവിശ്വാസത്തിലാണ്. രജനിയെ നേരില്‍ കാണുമെന്നാണ് കമല്‍ പറഞ്ഞിരിക്കുന്നത്. ബി.ജെ.പി. ദേശീയ നേതൃത്വവും രജനിയെ കാണാന്‍ ശ്രമിക്കുന്നതായി വിവരമുണ്ട്. ശക്തിപ്രകടനം കാട്ടി സ്‌റ്റൈല്‍ മന്നന്റെ മനസ്സുമാറ്റാന്‍ ആരാധകരും രംഗത്തിറങ്ങിയിട്ടുണ്ട്.
മുന്നറിയിപ്പുകളെ അവഗണിച്ച് വള്ളുവര്‍ക്കോട്ടത്ത് ഒത്തുകൂടിയതും താരത്തിന് മനംമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. ആരാധകരുടെയും അണ്ണാത്തെ അണിയറപ്രവര്‍ത്തകരുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും കാത്തിരിപ്പ് നീളുമ്പോഴും രജനി നിശബ്ദത പാലിക്കുകയാണ്.