“സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് വാക്കു പാലിച്ച ചുരുക്കം ചില സംവിധായകരിലൊരാളാണ് സിദ്ദിഖ്”; രാജേഷ് പാണാവള്ളി

','

' ); } ?>

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് വാക്കു പാലിച്ച ചുരുക്കം ചില സംവിധായകരിലൊരാളാണ് അന്തരിച്ച സംവിധായകൻ സിദ്ദിഖെന്ന് തുറന്നു പറഞ്ഞ് നടനും മിമിക്രി കലാകാരനുമായ രാജേഷ്. സാദാരണ ഇത്തരം വാക്കുകൾ സംവിധായകർ പാലിക്കാറില്ലെന്നും, പിന്നീട് കുടുംബാംഗങ്ങൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ രീതിയിൽ നാണക്കേടുണ്ടാകാറുണ്ടെന്നും രാജേഷ് പറഞ്ഞു. കൂടാതെ ക്യാരക്റ്റർ റോളുകൾ ഓഫർ ചെയ്ത സമയത്താണ് അദ്ദേഹം മരണപ്പെടുന്നതെന്നും, മരിക്കുവോളം തന്റെ മനസ്സിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനമുണ്ടാകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജേഷ്.

“ഞങ്ങളുടെ പെർഫോമൻസ് കണ്ടു കഴിയുമ്പോൾ ഒരുപാട് സംവിധായകർ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്യും. പക്ഷെ അധികം ആരും പാലിക്കാറില്ല. അത് കൊണ്ട് തന്നെ കുടുംബാംഗങ്ങൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ രീതിയിൽ ഞങ്ങൾക്കത് ബുദ്ധിമുട്ടാകാറുണ്ട്. അവന് അഭിനയിക്കാനൊന്നും അറിയില്ല, സ്‌ക്രീനിങ്ങിൽ മര്യാദക്ക് അഭിനയിച്ചിട്ടുണ്ടാകില്ല, അത് കൊണ്ട് അവനെ എടുത്തില്ല എന്നൊക്കെയാണ് ആളുകൾ പറയുക. ഇനി സംവിധായകരെ വിളിച്ച് ചോദിക്കുമ്പം അവര് പറയും പ്രൊഡ്യൂസർ വേറെ ആളെ വെക്കാൻ പറഞ്ഞൂന്ന്. അങ്ങനെ ഒരുപാട് ആളുകൾ പറ്റിക്കപ്പെട്ടത് എനിക്കറിയാം.” രാജേഷ് പറഞ്ഞു.

“എന്നാൽ അത്തരത്തിൽ വാക്കുപാലിച്ചൊരു സംവിധായകനാണ് “സിദ്ദിഖ്” സർ. ഒരിക്കൽ ഒരു സ്കിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ നാലുപേർക്ക് അദ്ദേഹം അടുത്ത പടത്തിൽ അവസരം തരാമെന്ന് പറഞ്ഞു. “നിങ്ങളെല്ലാവരും മലയാള സിനിമയിൽ വരേണ്ട ആർട്ടിസ്റ്റാണെന്നും, നിങ്ങളുടെ ചിന്തകൾ ചിന്തിപ്പിക്കുന്ന താരത്തിലുള്ളതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്”. പറഞ്ഞത് പോലെ അദ്ദേഹം ഞങ്ങൾ നാല് പേർക്കും അവസരങ്ങൾ തന്നു. ആദ്യം ഭാസ്കർ ദി റാസ്കൽ എന്ന മമ്മൂട്ടി ചിത്രത്തിൽ, പിന്നീട് ജയസൂര്യയുടെ ഫുക്രിയിൽ. അതിലൊക്കെ ചെറിയ വേഷങ്ങളാണെന്നും അടുത്ത ചിത്രത്തിൽ വലിയ വേഷങ്ങൾ തരാമെന്നും പറഞ്ഞിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. അത് കൊണ്ട് തന്നെ ഞാനൊക്കെ മരിക്കുന്നത് വരെ മനസ്സിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനമുണ്ടാകും. ഞാൻ മാത്രമല്ല. അദ്ദേഹത്തെ പരിചയപ്പെട്ട്, അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏതൊരാൾക്കും അങ്ങനെ ആയിരിക്കും.” രാജേഷ് കൂട്ടിച്ചേർത്തു.