“രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം”; വൈകാരിക കുറിപ്പുമായി സുഹൃത്ത്

','

' ); } ?>

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ നിലയിലെ പുരോഗതിയെ കുറിച്ച് വെളിപ്പെടുത്തി സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. 60 ദിവസമായി രാജേഷ് കിടപ്പിലായിട്ടെന്നും, രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരമെന്നും പ്രതാപ് ജയലക്ഷ്മി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതാപിന്റെ പ്രതികരണം.

“ഇന്ന് 60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്. വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു. ഒരേ കാര്യം പലതവണ പറഞ്ഞു പറഞ്ഞു, മടുക്കാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്‌റ്റുകളുടെ ആത്മാർഥതയെയും സഹനശക്തിയെയും മനസ്സുകൊണ്ട് നമിക്കുന്നു. എങ്കിലും ഫോക്കസ് കുറച്ചു കൂടി ശരിയാകേണ്ടതുണ്ട്. കേൾവി ശക്തി ഉണ്ടെന്നു വ്യക്‌തമായതോടെ പലവിധ തെറാപ്പികൾ ചെയ്യാൻ കൂടുതൽ ധൈര്യം ഡോക്ടർമാർക്ക് വന്നിട്ടുണ്ട്. പക്ഷേ രാജേഷ് ചിലപ്പോൾ പാതി മയക്കത്തിൽ, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോൾ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ട് എന്ന് അവൻ അറിയുന്നുണ്ടാവുമോ? എങ്കിലും ക്ഷമയോടെ, സാവധാനമാണെങ്കിൽ കൂടിയും പരമാവധി ചികിത്സ നൽകുവാൻ ഇവിടെ എല്ലാവരും ശ്രമിക്കുന്നുണ്ട്”. പ്രതാപ് കുറിച്ചു.

“രാജേഷിനു ചികിത്സാ സഹായം നൽകിയ ശ്രീ വേണു കുന്നപ്പള്ളിയെപ്പോലെയുള്ള സുമനസ്സുകളെ നന്ദിയോടെ ഓർക്കുന്നു. രാജേഷിനെ കേൾപ്പിക്കാൻ വോയ്സ് നോട്ടുകൾ അയയ്ക്കുന്നവരോട് ഒത്തിരി സ്നേഹം. ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം. രാജേഷ് അഭിനയിച്ച ‘ഇന്നസന്റ്റ്’ സിനിമയുടെ റീലീസ് ഡേറ്റും, ധ്യാനിനോടൊപ്പം അഭിനയിച്ച ‘വടക്കൻ തേരോട്ടം’ എന്ന മൂവിയുടെ റിലീസ് വാർത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങൾ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേൾക്കുമ്പോഴാണ് കൂടുതൽ പ്രതികരണം അവനിൽ ഉണ്ടാവുന്നത്. ആ ചലനങ്ങൾ ഏറെ പ്രതീക്ഷ പകരുന്നവയുമാണ്. കിടക്കയിൽ നിന്നു എണീറ്റ്, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാം. അവനോടുള്ള പ്രാർഥനയും സ്നേഹവും എന്നത്തപ്പോലെയും നമുക്ക് തുടരാം”.പ്രതാപ് കൂട്ടിച്ചേർത്തു.