“മേലിൽ ഇതാവർത്തിക്കില്ല”; എം.ജി. ആറിനെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാജേന്ദ്രപ്രസാദ്

','

' ); } ?>

തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഇതിഹാസനടനുമായ എം.ജി. ആറിനെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ്. മേലിൽ തൻ്റെ ഭാഗത്തുനിന്ന് ഇത്തരം പരാമർശമുണ്ടാവില്ലെന്നും, വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“കാന്തറാവു പുരസ്‌കാരം എനിക്ക് സമ്മാനിക്കുന്ന ചടങ്ങങ്ങിലെ വേദിയിൽ സംസാരിക്കവെ ഞാൻ തമിഴ് സിനിമാ ഇതിഹാസം എം.ജി.ആർ. സാറിനെക്കുറിച്ച് അറിയാതെ തെറ്റായി സംസാരിച്ചുപോയി. അത് അതിരുകടന്നുപോയി. ഞാൻ എന്തിന് എം.ജി.ആർ. സാറിനെ അനാദരിക്കണം?. ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്ത് എം.ജി.ആർ. സർ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു.” രാജേന്ദ്രപ്രസാദ് പറഞ്ഞു.

“ഞങ്ങൾ എങ്ങനെയാണ് അഭിനയം പഠിക്കുന്നതെന്ന് അറിയാൻ അദ്ദേഹം ഒരുതവണ സന്ദർശനം നടത്തിയിരുന്നു. അദ്ദേഹത്തെ അധിക്ഷേപിക്കാൻ ഞാൻ ആരുമല്ല. എൻ്റെ വാക്കുകൾ ആരുടേയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. മേലിൽ ഇനിയൊരിക്കലും ഇങ്ങനെ സംസാരിക്കില്ലെന്ന് ഉറപ്പുനൽകുന്നു.” രാജേന്ദ്രപ്രസാദ് കൂട്ടിച്ചേർത്തു.

തെലുങ്കിലെ വിഖ്യാതനടനായിരുന്ന കാന്തറാവുവിനെ പ്രശംസിക്കവെയാണ് എം.ജി.ആറിനെക്കുറിച്ച് രാജേന്ദ്രപ്രസാദ് അധിക്ഷേപസ്വഭാവമുള്ള പരാമർശം നടത്തിയത്. ഹൈദരാബാദിൽ നടന്ന കലാപ്രപൂർണ്ണ കാന്തറാവു ദേശീയ അവാർഡ് 2025 ചടങ്ങിലായിരുന്നു വിവാദപരാമർശം. ‘എം.ജി.ആറിന് കാന്തറാവുവിനെ പേടിയായിരുന്നു. കാന്തറാവുവിനെ കണ്ടാലോ അദ്ദേഹത്തെക്കുറിച്ച് കേട്ടാലോ എം.ജി.ആർ. പാന്റ്സിൽ മുള്ളുമായിരുന്നു’, എന്നായിരുന്നു രാജേന്ദ്രപ്രസാദിൻ്റെ വാക്കുകൾ.

അതേ സമയം രാജേന്ദ്രപ്രസാദ് മാപ്പു പറയണമെന്ന് തമിഴ് സിനിമാ ലോകത്തുനിന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനാ ജനറൽ സെക്രട്ടറി വിശാൽ, നടൻ നാസർ, നിർമാതാവ് ജി. ധനഞ്ജയൻ തുടങ്ങി ഒട്ടേറെപ്പേരാണ് രാജേന്ദ്രപ്രസാദിനെതിരേ രംഗത്തെത്തിയത്.