“എസ്.പി.ബി. മരിച്ചപ്പോൾ ഇളയരാജ പൊട്ടിക്കരഞ്ഞു, ഭാര്യക്കോ, മകൾക്കോ വേണ്ടി അദ്ദേഹം കണ്ണുനീർ പൊഴിച്ചിട്ടില്ല”; രജനികാന്ത്

','

' ); } ?>

സംഗീത സംവിധായകൻ ഇളയരാജയും അന്തരിച്ച ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവുമായുള്ള സൗഹൃദത്തേക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ രജനീകാന്ത്. തന്റെ ​ഗാനങ്ങൾ വേദികളിൽ പാടുന്നതിനെതിരെ ഇളയരാജ എസ്.പി.ബി ക്കെതിരെ കേസ് കൊടുത്തതാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീഴാൻ കാരണമായതെന്നും, എന്നാൽ എസ്.പി.ബിയുടെ മരണത്തിൽ ഇളയരാജ തകർന്നുപോയെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ ഇളയരാജയുടെ അൻപതാം സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എസ്.പി. ബാലസുബ്രഹ്മണ്യം ഒരു സംഗീത പരിപാടിക്കായി അമേരിക്കയിലേക്ക് പോയി. സ്വാമി (ഇളയരാജ) പറഞ്ഞു, അവൻ എൻ്റെ പാട്ടുകളാണ് പാടുന്നത്; അവനത് ചെയ്യാൻ കഴിയില്ല, നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന്. ഇതിൽ വിഷമിച്ച എസ്.പി.ബി., ഇളയരാജയുടെ പാട്ടുകൾ പാടുന്നത് നിർത്താൻ തീരുമാനിച്ചു. നടൻ വിവേകിന്റെയും സ്.പി.ബി-യുടെയും സ്ഥാനം നികത്താൻ ആർക്കും കഴിയില്ല. കോവിഡ് ബാധിച്ച് എസ്.പി.ബി. മരിച്ചപ്പോൾ ഇളയരാജ പൊട്ടിക്കരഞ്ഞു. തൻ്റെ സഹോദരനോ, ഭാര്യക്കോ, മകൾക്കോ വേണ്ടി അദ്ദേഹം കണ്ണുനീർ പൊഴിച്ചില്ല. അദ്ദേഹത്തിൻ്റെ കണ്ണുനീർ തൻ്റെ സുഹൃത്തിനു വേണ്ടിയായിരുന്നു.” രജനീകാന്ത് പറഞ്ഞു.

റോയൽറ്റി നൽകാതെയാണ് തൻ്റെ ഗാനങ്ങൾ വേദികളിൽ അവതരിപ്പിക്കുന്നതെന്നായിരുന്നു ഇളയരാജ എസ്.പി.ബി ക്കെതിരെ പരാതിയിൽ പറഞ്ഞിരുന്നത്. എസ്.പി.ബി. മരിക്കുന്നതിന് ഒരു വർഷം മുൻപ്, 2019-ലാണ് ഇരുവരും തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്. ഇതേക്കുറിച്ചാണ് രജനീകാന്ത് വേദിയിൽ സംസാരിച്ചത്.

തൻ്റെ ഗാനങ്ങളുടെ അവകാശങ്ങൾക്കായി ഇളയരാജ ഇപ്പോഴും പോരാട്ടം തുടരുകയാണ്. രജനികാന്തിൻ്റെ സുഹൃത്തായിരുന്നിട്ടും, അദ്ദേഹത്തിൻ്റെ പുതിയ ചിത്രമായ ‘കൂലി’യുടെ പ്രൊമോഷണൽ ഗാനമായ ‘കൂലി ഡിസ്കോ’യിൽ തൻ്റെ സംഗീതം ഉപയോഗിച്ചതിന് നിർമ്മാതാക്കളായ സൺ പിക്ചേഴ്സിന് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു. സമീപകാലത്ത്, തൻ്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കും അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.