ഓര്‍മ്മകളില്‍..

','

' ); } ?>

മലയാള സിനിമ എക്കാലത്തും കണ്ട അനശ്വര നടന്മാരിലൊരാളാണ് രാജന്‍ പി ദേവ്. ഈ അഭിനയ കുലപതി ഇന്ന് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുകയാണ്. മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ അഭാവം ഒരു വലിയ വിള്ളലായി തന്നെ തുടരവെ അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ സെല്ലുലോയ്ഡ് പങ്കുചേരുന്നു.

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ എന്നാലോചിക്കുമ്പോള്‍ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന ചിത്രങ്ങളിലൊന്നാണ് രാജന്‍ പി ദേവ്. ഒരു വില്ലന് സിനിമ കാണുന്നവനെ ഭയപ്പെടുത്താനും വെറുപ്പിക്കാനും മാത്രമല്ല എന്ന് മലയാള സിനിമയെ പഠിപ്പിച്ച അതുല്യനായ നടനായിരുന്നു അദ്ദേഹം. വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോഴും നര്‍മം കലര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. മോഹന്‍ലാല്‍ ചിത്രം ഇന്ദ്രജാലത്തിലെ കാര്‍ലോസ് മുതല്‍ പിന്നീടങ്ങോട്ട് എണ്ണാവുന്നതിലപ്പുറം അദ്ദേഹം ചെയ്ത വേഷങ്ങളും ഇന്നും പകരം വെക്കാനില്ലാത്തവയാണ്.

1983ല്‍ പുറത്തിറങ്ങിയ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യായിരുന്നു രാജന്‍ പി.ദേവിന്റെ അരങ്ങേറ്റ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ ഇന്ദ്രജാലത്തിലൂടെ രാജന്‍ പി.ദേവ് തന്റെ സ്ഥാനമുറപ്പിച്ചു. പിന്നീടഭിനയിച്ച 150 ഓളം സിനിമകളിലും അദ്ദേഹം വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. വില്ലനായും ഹാസ്യതാരമായും മലയാള സിനിമയ്ക്ക് ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചു. ക്രൂരനായ വില്ലനും സ്‌നേഹനിധിയായ അപ്പനും നിഷ്‌കളങ്കനായ ഹാസ്യതാരവും രാജന്‍ പി.ദേവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ‘സ്ഫടിക’വും മമ്മൂട്ടിക്കൊപ്പമുള്ള ‘തൊമ്മനും മക്കളും’ രാജന്‍ പി.ദേവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്.

സംവിധായകനായും രാജന്‍ പി.ദേവ് മലയാള സിനിമയ്ക്ക് സംഭാവനകള്‍ നല്‍കി. ‘അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍’, ‘മണിയറക്കള്ളന്‍’, ‘അച്ഛന്റെ കൊച്ചുമോള്‍ക്ക്’ എന്നീ മൂന്നു ചിത്രങ്ങളും രാജന്‍ പി.ദേവാണ് സംവിധാനം ചെയ്തത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. 150 ലേറെ സിനിമകളില്‍ വേഷമിട്ട രാജന്‍ പി. അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായ റിങ്ടോണ്‍, മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍(പുറത്തിറങ്ങിയില്ല) അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. മലയാളത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നല്ല അദ്ദേഹത്തിന്റെ കലാസപര്യ. തെലുങ്കില്‍ 18, തമിഴില്‍ 32, കന്നഡയില്‍ 5 സിനിമകളില്‍ വേഷമിട്ട് തെന്നിന്ത്യ മുഴുവന്‍ അദ്ദേഹം പ്രശസ്തി നേടി.

രാജന്‍ പി.ദേവ് അന്തരിച്ച് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കാകില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും നമ്മുടെ ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നു.