
രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്റെ പേര് വെളിപ്പെടുത്തി രാജ് കമൽ ഫിലിംസ്. സംവിധായകൻ സിബി ചക്രവർത്തിയാണ് തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഏതൊരു താരത്തിനും കുടുംബം ഉണ്ട് എന്ന കുറിപ്പോടെയാണ് പുത്തൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പങ്കിട്ടിട്ടില്ല, വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ പുറത്തു വരുമെന്നാണ് സൂചന.
ചിത്രം സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടർന്ന് കാർത്തിക് സുബ്ബരാജ് മുതൽ ധനുഷ് വരെയുള്ള പേരുകൾ സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. നേരത്തെ രജനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിക്കുന്നത്. നേരത്തെ സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം കൂലി, തഗ് ലൈഫ് ഇനീ സിനിമകളാണ് ഇരുവരുടെയുമായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. അതേസമയം, രജിനികാന്ത് സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുമെന്നും കമൽ ഹാസൻ അൻബറിവ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.