“ഒടിയൻ എന്റെ ഏറ്റവും വലിയ സിനിമ സംരംഭം”; രാഹുൽ സദാശിവൻ

','

' ); } ?>

ഒടിയൻ തൻ്റെ ഏറ്റവും വലിയ സിനിമ സംരഭമാണെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. ‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡയസ് ഇറേ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കു ശേഷം രാഹുൽ ഒരുക്കുന്ന ചിത്രമാണ് ‘ഒടിയൻ’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യരുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും സംയുക്തമായാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ എന്ന ഈ ചിത്രം നിർമിക്കുന്നത്. പ്രശസ്ത ബോളിവുഡ് നിർമാതാവ് കരൺ ജോഹറിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് കൂടിയാണ് ഈ പ്രോജക്റ്റ്.

‘ഓർമ്മകൾക്കും വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കും ഇടയിലുള്ള അതിരുകളിലാണ് നാടോടിക്കഥകളുടെ ശക്‌തി നിലനിൽക്കുന്നത്. കേരളത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഐതിഹ്യങ്ങളിലൊന്നായ ഒടിയനെ പുതിയൊരു ചലച്ചിത്രഭാഷയിലൂടെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അന്തരീക്ഷവും ദുരൂഹതയും വികാരങ്ങളും ചേർന്ന ഈ കഥ എന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സിനിമാ സംരംഭമാണ്. ധർമ്മ പ്രൊഡക്ഷൻസിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിനുമൊപ്പമുള്ള ഈ യാത്രയിൽ ഞാൻ അതീവ ആവേശത്തിലാണ്’ എന്ന് രാഹുൽ സദാശിവൻ പറഞ്ഞു.

“മലയാള സിനിമയുടെ ആരാധകനാണ് ഞാൻ. അതിൻ്റെ കലാ മികവും ധീരമായ കഥപറച്ചിൽ രീതിയും പ്രേക്ഷകരിൽ പുലർത്തുന്ന വിശ്വാസവും എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രാഹുലിൻ്റെ ദർശനവും പൃഥ്വിരാജിന്റെ നേതൃത്വവുമുള്ള ഈ കഥ ഞങ്ങളിലേക്ക് എത്തിയപ്പോൾ, മലയാള സിനിമയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവെപ്പിന് ഇതിലും മികച്ച അവസരം വേറെയില്ലെന്ന് തോന്നി. ഏറ്റവും വലിയ ക്യാൻവാസ് അർഹിക്കുന്ന ചിത്രമാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’, അതിന് ഞങ്ങൾ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്’ എന്ന് ധർമ്മ പ്രൊഡക്ഷൻസിന്റെ നിർമാതാവായ കരൺ ജോഹർ പറഞ്ഞു.

ധീരമായ സൃഷ്ടിപരതയും സാംസ്‌കാരിക വേരുകളോടുള്ള അടുപ്പവും പ്രേക്ഷകരുമായുള്ള ആത്മാർത്ഥമായ ബന്ധവുമാണ് മലയാള സിനിമയുടെ പ്രത്യേകത. മലയാള സിനിമയിലേക്കുള്ള ധർമ്മയുടെ പ്രവേശനം സ്വാഭാവികവും ആവേശകരവുമായ ഒരു വികസനമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനുമൊപ്പമുള്ള ഈ സഹകരണം ഞങ്ങൾക്ക് അഭിമാന നിമിഷമാണ് ‘, എന്നു ചിത്രത്തിലെ നായകനായി പൃഥ്വിരാജ് വ്യക്തമാക്കി.

കേരളത്തിന്റെ ജനകീയ ഐതിഹ്യങ്ങളിലെ ഏറ്റവും ദുരൂഹവും ഭയാനകവുമായ രൂപംമാറ്റക്കാരനായ “ഒടിയനെ” ആസ്‌പദമാക്കിയാണ് കഥ വികസിക്കുന്നത്. ശക്‌തമായ ഒരു മാതൃകുടുംബത്തിൻ്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈ അതിഭൗതിക സാന്നിധ്യം സത്യവും മിഥ്യയും തമ്മിലുള്ള അതിശക്‌തമായ ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നു. പുരാണവും ഭീതിയും മനഃശാസ്ത്രപരമായ ആഴവും സമന്വയിക്കുന്ന അപൂർവമായ ദൃശ്യാനുഭവമായിരിക്കും ചിത്രം.