സേവ ചെയ്യാനുള്ള സമയമാണ്…മൂന്ന് കോടിയില്‍ ഒതുങ്ങില്ല…വലിയ പ്രഖ്യാപനം വിഷുദിനത്തില്‍: രാഘവലോറന്‍സ്

','

' ); } ?>

ചന്ദ്രമുഖി 2ല്‍ അഭിനയിക്കാന്‍ ലഭിച്ച അഡ്വാന്‍സ് തുക മൂന്ന് കോടി രൂപ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കുകയാണെന്നുമറിയിച്ച് തമിഴ് നടനും നൃത്തസംയോജകനുമായ രാഘവ ലോറന്‍സ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ തനിക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്ന രാഘവ ലോറന്‍സ് ചുറ്റുമുള്ളവരുടെ ദുരിതം കണ്ടു നില്‍ക്കാാവുന്നില്ലെന്നും മൂന്ന് കോടി രൂപ ഒന്നുമാവില്ലെന്നറിയാവുന്നതിനാല്‍ സമൂഹത്തിനും സര്‍ക്കാരിനും വേണ്ടി തന്നെക്കൊണ്ട് കഴിയുന്ന സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുകയാണെന്നും വ്യക്തമാക്കി മറ്റൊരു ട്വീറ്റ് കൂടി പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ പേരിലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരിലുമുള്ള ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം വീതവും, സിനിമാസംഘടനയായ ഫെഫ്സിയിലേക്ക് 50 ലക്ഷവും നര്‍ത്തകരുടെ യൂണിയനിലേക്ക് 50 ലക്ഷം, ശാരീരിക വൈകല്യമുള്ളവര്‍ക്ക് 25 ലക്ഷം, ദിവസവേതനക്കാര്‍ക്കും ലോറന്‍സിന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയാണ് നേരത്തെ സംഭാവന ചെയ്ത മൂന്ന് കോടി രൂപ വീതിച്ച് നല്‍കിയത്.
‘ആളുകളുടെ കരഞ്ഞുകൊണ്ടുള്ള വീഡിയോകള്‍ എന്റെ ഉറക്കം കെടുത്തി. നമ്മള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഒന്നും കൊണ്ടു വന്നിട്ടില്ല, പോകുമ്പോഴും ഒന്നും കൊണ്ടു പോകുന്നില്ല. എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇന്ന് എല്ലാ അമ്പലങ്ങളും അടഞ്ഞു കിടക്കുകയാണ്. കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ വിശപ്പിലാണ് ദൈവം വസിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന് നമ്മള്‍ എന്തെങ്കിലും നല്‍കിയാല്‍ അത് ജനങ്ങളിലേക്കെത്തില്ല, എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലേക്കെത്തും കാരണം ദൈവം ഓരോരുത്തരുടെയും ഉള്ളിലുണ്ട്. സേവ ചെയ്യാനുള്ള ജോലിയാണ് ദൈവം എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കഠിനമായ സമയമാണ്. സേവ ചെയ്യാനുള്ള മികച്ച സമയവും ഇത് തന്നെ. അതുകൊണ്ട് ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്നാലാവുന്നത് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ഓഡിറ്ററോടും അഭ്യുദയകാംക്ഷികളോടും ആലോചിച്ച ശേഷം നിങ്ങളുടെ അനുഗ്രഹത്തോടെ ഞാനത് പ്രഖ്യാപിക്കുന്നതായിരിക്കും…’അദ്ദേഹം അറിയിച്ചു. തന്റെ മനസിലുള്ള കാര്യം പ്രാവര്‍ത്തികമാക്കാന്‍ തന്റെ ഓഡിറ്റര്‍ രണ്ട് ദിവസത്തെ സമയം ചോദിച്ചിരിക്കുകയാണെന്നും അതുകൊണ്ട് വരുന്ന ഏപ്രില്‍ 14-ന് ആ പ്രഖ്യാപനം ഉണ്ടാവുമെന്നും ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ് രാഘവ ലോറന്‍സ്.