
തന്റെ കരിയറിലെ തിരിച്ചടികളെയും മാനസിക സംഘർഷങ്ങളെയും സൂര്യ എങ്ങനെയാണ് ധീരമായി അതിജീവിച്ചതെന്ന് വെളിപ്പെടുത്തി മുതിർന്ന നടി രാധിക ശരത്കുമാർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് & സൺസ്’ എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കവെയാണ് സൂര്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നിശബ്ദ പോരാട്ടങ്ങളെക്കുറിച്ചും രാധിക വികാരാധീനയായത്.
ചിത്രത്തിൽ സൂര്യയുടെ അമ്മയായി വേഷമിട്ട രാധിക, ഒരു കുടുംബാംഗത്തെപ്പോലെയാണ് നടനെ കാണുന്നതെന്ന് വ്യക്തമാക്കി. കരിയറിലും ജീവിതത്തിലും സൂര്യ അനുഭവിച്ച കഷ്ടപ്പാടുകൾ വളരെ അടുത്തറിയാവുന്ന ആളാണ് താൻ. സ്വന്തം വികാരങ്ങൾ പുറത്തുകാണിക്കാത്ത വളരെ ശാന്തനായ വ്യക്തിത്വമാണ് സൂര്യയുടേത്. സിനിമാലോകത്തെ വെല്ലുവിളികൾക്കപ്പുറം വലിയ മാനസിക സംഘർഷങ്ങളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ട്. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം നിശബ്ദമായി അതിജീവിച്ച് വിജയത്തിലെത്തിയ സൂര്യയെ കാണുമ്പോൾ ഏറെ അഭിമാനമുണ്ടെന്നും രാധിക കൂട്ടിച്ചേർത്തു.
“ഞാൻ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും വേദനകളും കണ്ടിട്ടുള്ളതുകൊണ്ട് ഒരു കുടുംബാംഗമെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് വലിയ അടുപ്പം തോന്നുണ്ട്. സിനിമയിൽ പലരും പലവിധ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടാകാം, എന്നാൽ യഥാർത്ഥ മാനസിക പോരാട്ടങ്ങൾ മറ്റൊരു തലത്തിലുള്ളതാണ്. സൂര്യ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. അദ്ദേഹത്തെ വളരെ അടുത്തുനിന്ന് വീക്ഷിച്ച എനിക്ക്, ഇന്ന് അദ്ദേഹത്തെ കാണുമ്പോൾ ആത്മാർത്ഥമായും അഭിമാനം തോന്നുന്നു.
സൂര്യ അധികം സംസാരിക്കുന്ന ഒരാളല്ല. തന്റെ മനസ്സിലുള്ളത് അദ്ദേഹം അപൂർവ്വമായേ തുറന്നുപറയാറുള്ളൂ. വളരെ ചുരുക്കം ചിലരോട് മാത്രമേ അദ്ദേഹം നന്നായി സംസാരിക്കാറുള്ളൂ. അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചിരുന്ന ആ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു ഞാൻ. ‘ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യണം’ എന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു,” രാധിക ശരത്കുമാറിന്റെ വാക്കുകൾ.
‘ലക്കി ഭാസ്കറി’ന്റെ വൻ വിജയത്തിന് ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിച്ച ‘വിശ്വനാഥ് & സൺസ്’ സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണ്. സൂര്യയ്ക്കൊപ്പം മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ശ്രീകര സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്.