ജയലളിതയായി രമ്യ കൃഷ്ണന്‍, എം.ജി.ആറായി ഇന്ദ്രജിത്ത് ; ക്വീന്‍ ട്രെയിലര്‍

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീന്‍’ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണനും, മലയാളിതാരം അനിഘയുമാണ് ജയലളിതയായി ചിത്രത്തില്‍ എത്തുന്നത്. എം.ജി.ആറായി നടന്‍ ഇന്ദ്രജിത്താണ് അഭിനയിക്കുന്നത്. അനിഘ ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുമ്പോള്‍ കൗമാരം അവതരിപ്പിക്കുക അഞ്ജന ജയപ്രകാശാണ്.

രേശ്മ ഗടാലയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് ഒരുക്കിയിരിക്കുന്നത്. ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം, എംജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നത്. എംഎക്‌സ് പ്ലെയര്‍ ആണ് നിര്‍മാണം.

അതേസമയം ജയലളിതയുടെ കഥ പറയുന്ന രണ്ട് സിനിമകളാണ് തമിഴില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി തലൈവി എന്ന ചിത്രവും നിത്യാ മേനോനെ നായികയാക്കി ദി അയണ്‍ ലേഡി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.