ഏല്ലാ ഭാഷകളിലും റീമേക്ക് പുറത്തിറങ്ങാന്‍ ഒരുങ്ങി ബോളീവുഡ് ചിത്രം ക്വീന്‍

ദക്ഷിണേന്ത്യയിലെ ഏല്ലാ ഭാഷകളിലും റീമേക്ക് പുറത്തിറക്കാന്‍ ഒരുങ്ങി ബോളീവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം ക്വീന്‍. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

സംസം എന്ന് പേരിട്ടിരിക്കുന്ന മലയാളം പതിപ്പില്‍ മഞ്ജിമയാണ് നായിക. തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ് മലയാളം പതിപ്പ് ഒരുക്കുന്നത്. സിനിമയുടെ തമിഴ് റീമേക്കായ  പാരിസില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. ബട്ടര്‍ഫ്‌ളൈ എന്ന പേരില്‍ കന്നട പതിപ്പില്‍ പരുള്‍ യാദവാണ് നായിക. സംവിധായകന്‍ രമേഷ് അരവിന്ദ് തമിഴും കന്നടയും സംവിധാനം ചെയ്യുന്നു.

ദാറ്റ് ഈസ് ലക്ഷ്മി എന്ന പേരിലെത്തുന്ന തെലുങ്ക് പതിപ്പില്‍ തമന്ന ഭാട്ടിയയാണ് നായിക. സംവിധായകന്‍ പ്രശാന്ത് വര്‍മയാണ് തെലുങ്ക് ചിത്രം ഒരുക്കുന്നത്. നാല് പതിപ്പുകളും ഒരേ സമയത്താണ് ചിത്രീകരിച്ചത്. യൂറോപ്പായിരുന്നു പ്രധാന ലൊക്കേഷന്‍.

റാണി മെഹ്‌റ എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥയായിരുന്നു ക്വീന്‍. പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്വീനിന്റെ പ്രാദേശിക പതിപ്പുകള്‍ ഉടന്‍ തിയറ്ററുകളിലെത്തും.