
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിൽ, സിനിമാ ഇൻഡസ്ട്രിയിൽ 26 വർഷങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ പുരി ജഗനാഥിന് പ്രശംസയുമായി വിജയ് സേതുപതി. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.
പവർ സ്റ്റാർ പവൻ കല്യാണിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബദ്രിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പുരി ജഗന്നാഥ്, ഇപ്പോൾ ഇൻഡസ്ട്രിയിൽ 26 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, തന്റെ സംവിധായകനെ പ്രശംസിച്ചു കൊണ്ട് വിജയ് സേതുപതി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ 26 വർഷത്തെ ഈ മനുഷ്യന്റെ യാത്ര ഒരു നാഴികക്കല്ല് മാത്രമല്ല, ധൈര്യത്തോടും ദൃഢനിശ്ചയത്തോടും നിർഭയമായ ശബ്ദത്തോടും കൂടി സൃഷ്ടിച്ചെടുത്ത പാരമ്പര്യമാണ് എന്ന് വിജയ് സേതുപതി കുറിച്ചു. സ്ലം ഡോഗ് 33 ടെമ്പിൾ റോഡിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ സാധിച്ചത് തികച്ചും സന്തോഷകരമാണ് എന്നും, അഭിനേതാക്കളെന്ന നിലയിൽ, തങ്ങളെ വിശ്വസിക്കുകയും കംഫർട്ട് സോണുകൾക്കപ്പുറത്തേക്ക് തങ്ങളെ നയിക്കുകയും ചെയ്യുന്ന സംവിധായകരെ അഭിനേതാക്കൾ എപ്പോഴും തിരയുന്നു, പുരി ജഗനാഥ് അത് അനായാസമായി ചെയ്യുന്നു എന്നും വിജയ് സേതുപതി പറഞ്ഞു. ഈ ചിത്രത്തിന്റെ ഭാഗമായ എല്ലാവർക്കും വളരെ സവിശേഷമായ ഒരു ചിത്രമായി ഇത് മാറുമെന്ന് താൻ വിശ്വസിക്കുന്നു എന്നും, പുരി ജഗനാഥിന് തുടർച്ചയായ വിജയവും ഇനിയും ഒരുപാട് വർഷം കഥകൾ പറയാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അതീവ രസകരമായ കഥാപാത്രങ്ങളുമായി ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്.
ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കിയാണ് തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് സ്ലം ഡോഗ് ഒരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. തമിഴ്നാട് തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ചിത്രത്തിന്റെ പ്രമോഷണൽ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.
രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി