
ഇന്ത്യൻ ഇതിഹാസം രാമായണത്തിനാസ്പദമായി ഒരുങ്ങുന്ന ചിത്രം “രാമായണയുടെ” ഭാഗമാകുന്നതിൽ അഭിമാനമാണെന്നും വിമർശനങ്ങൾ വന്നാൽ നേരിടാൻ തയ്യാറാണെന്നും തുറന്നു പറഞ്ഞ് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ. കൂടാതെ അവതാര്‍, ടൈറ്റാനിക് എന്നീ സിനിമകളുടെ നിലവാരം രാമായണത്തിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണക്ട് സിനിക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഈ പ്രൊജക്ടിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്. രാമായണം പോലൊരു സിനിമയില്‍ ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ആരാണ് കരുതുക? ഞങ്ങള്‍ തമ്മിലുള്ള ആദ്യത്തെ കുറച്ച് സെഷനുകള്‍ ശരിക്കും മികച്ചതായിരുന്നു. ലണ്ടനിലായിരുന്നു ആദ്യ സെഷന്‍. രണ്ടാമത്തേത് ലോസ് ആഞ്ചലസിലും മൂന്നാമത്തേത് ദുബൈയിലുമായിരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ കുറിച്ച് അദ്ദേഹത്തിന് ജിജ്ഞാനസയുണ്ട്. ചിത്രത്തെക്കുറിച്ച് വിമര്‍ശനം വന്നാല്‍ നേരിടാന്‍ ഞാൻ തയ്യാറാണ്. പിന്നെ ‘രാമായണ’ത്തിന് ‘അവതാര്‍’, ‘ടൈറ്റാനിക്’ എന്നീ സിനിമകള്‍ക്ക് ഒപ്പം നില്‍ക്കാനാകുമോ എന്ന ചോദ്യത്തിന്, ‘തീര്‍ച്ചയായും സാധിക്കും’ എന്നും റഹ്‌മാൻ പറഞ്ഞു.
നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധായകൻ. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 4000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തിയതായിരുന്നു ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.