മലയാള സിനിമയിലെ ഏറ്റവും പ്രമുഖനായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കെ ആര്‍ ഷണ്‍മുഖം അന്തരിച്ചു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന അദ്ദേഹം അണ്ണന്‍ എന്ന വിളിപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1995 വരെ ഒട്ടുമിക്ക ചിത്രങ്ങളുടേയും നിയന്ത്രണം ഷണ്‍മുഖത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു.മലയാള സിനിമാ ചരിത്രത്തില്‍ നിരവധി ഹിറ്റ് സിനിമകളുടെ പ്രൊഡക്ഷന്‍ എക്‌സീക്യൂട്ടീവായിരുന്നു അദേഹം. എണ്ണൂറോളം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച അദ്ദേഹം തനിയാവര്‍ത്തനം, സൈന്യം, യോദ്ധ, മഴവില്‍ക്കാവടി, മദനോത്സവം, അഥര്‍വ്വം, ന്യൂ ഡല്‍ഹി, ദ്രുവം, പട്ടണ പ്രവേശം, പഞ്ചാബി ഹൗസ്, മദനോത്സവം, തുടങ്ങിയ പ്രമുഖ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളയാളാണ്. തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിലും മുപ്പതോളം സീരിയലുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മിസ്റ്റര്‍ ബ്രഹ്മചാരി ആയിരുന്നു അവസാനം പ്രവര്‍ത്തിച്ച ചിത്രം. ചെന്നൈയിലെ വിരുഗമ്പാക്കത്തെ നാരായണ്‍ സ്വാമി റോഡിലെ വസതിയിലാണ് കെ. ആര്‍. ഷണ്‍മുഖം താമസിച്ചിരുന്നത്. മക്കള്‍ബാബു ഷണ്‍മുഖം, രമീല, രജിത ദിനേശ്, രതീഷ് ഷണ്‍മുഖം, രാജേഷ് ഷണ്‍മുഖം. മരുമക്കള്‍ശ്രീദേവി, മണിമലര്‍, അമൃത, ദിനേശ്.
അദ്ദേഹത്തെ ഓര്‍മ്മിച്ച് സംവിധായകന്‍ ജയരാജ് എഴുതിയ കുറിപ്പ് താഴെ…
ഷണ്‍മുഖം അണ്ണന്‍ ഓര്‍മായാകുമ്പോള്‍
മലയാള സിനിമയ്ക്കു ഒരിക്കലും തിരിച്ചു കിട്ടാത്ത പ്രൊഡക്ഷന്‍ കണ്ട്രോള്‍ കൂടിയാണ് ഓര്‍മ്മയാകുന്നത്.
ഒരു സിനിമ നിര്‍മാതാവിനെ ഇതുപോലെ
സഹായിച്ച മറ്റൊരു കണ്‍ട്രോളര്‍ വിരളമാണ് .
മലയാള സിനിമയ്ക്കു നിര്‍മാണ സമയത്തു കെട്ടുറപ്പുണ്ടാക്കിയ മഹാനാണ് അണ്ണന്‍ . താരങ്ങള്‍ സിനിമയെ ഭരിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു .
സിനിമാ മോഹവുമായി മദ്രാസിലെത്തിയ എനിക്ക് ആദ്യം ഷൂട്ടിംഗ് കാണാനുള്ള
അവസരം തന്നത് ഈ മഹല്‍ വ്യക്തിയാണ് . ഞാന്‍ എന്നും അണ്ണനോട് കടപ്പെട്ടിരിക്കും .
എന്നെ പോലെ ഒരുപാടു സാങ്കേതിക വിദഗ്ധരെയും നടീനടന്മാരെയും
സിനിമയിലേക്ക് നയിച്ച അണ്ണന്‍
എന്ന മഹല്‍ വ്യക്തിയെ മലയാള സിനിമ
മറക്കാതിരിക്കട്ടെ.
ജയരാജ്
സംവിധായകന്‍