തീയറ്റര്‍ തുറക്കാന്‍ അഭ്യര്‍ത്ഥിച്ച് , മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തുമായി ബാദുഷ

','

' ); } ?>

മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ നിശ്ചലമായിട്ട് ഇന്ന് 74 ദിവസമായിരിക്കുന്നു. നാമൊക്കെ വിചാരിക്കുന്നതിലും വളരെ വലുതാണ് ഈ മേഖലയിലെ പ്രശ്നങ്ങള്‍. തിയേറ്ററില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ മുതല്‍ റെപ്രസന്റേറ്റീവുമാര്‍ മുതല്‍ എല്ലാവരും കൊടിയ ദുരിതത്തിലാണ്. സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങെയറ്റം സഹായിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യമാണ്. ഇവരുടെ പ്രശ്നങ്ങള്‍ ദയവായി മനസിലാക്കി സിനിമ തീയേറ്ററുകള്‍ തുറക്കാനും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുവാനും മുഖ്യമന്ത്രി അനുവാദം തരണമെന്ന് വളരെ താഴ്മയായി അപേക്ഷിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തില്‍ ബാദുഷ പറഞ്ഞു.


സിനിമ മേഖലയിലുള്ള നിരവധി പേര്‍ സമീപകാലത്ത് ആത്മഹത്യ ചെയ്ത സംഭവം നാം കേട്ടു. മിക്ക സംഭവങ്ങളുടെയും പിന്നില്‍ സാമ്പത്തികപ്രശ്നങ്ങള്‍ തന്നെയാണ്.തിയേറ്ററുകള്‍ തുറക്കാതെയോ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാതെയോ ഇനി ഒരു ചുവടുപോലും ഇവര്‍ക്കു മുന്നോട്ടുപോകാനാവില്ല. പോസ്റ്റര്‍ ഒട്ടിക്കുന്നവരും ലൈറ്റ്ബോയിമാരുമൊക്കെ കഷ്ടതകളുടെ നടുവിലാണ് ജീവിക്കുന്നത്. എന്തിന് നാം കോടീശ്വരന്മാര്‍ എന്നുപറയുന്ന നടന്മാരും ഇപ്പോള്‍ വലിയ ബുദ്ധിമുട്ടിലാണെന്നും കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണ രൂപം,

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, സാംസ്‌കാരികമന്ത്രിയോട്…

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ നിശ്ചലമായിട്ട് ഇന്ന് 74 ദിവസമായിരിക്കുന്നു. നാമൊക്കെ വിചാരിക്കുന്നതിലും വളരെ വലുതാണ് ഈ മേഖലയിലെ പ്രശ്നങ്ങള്‍. തിയേറ്ററില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ മുതല്‍ റെപ്രസന്റേറ്റീവുമാര്‍ മുതല്‍ എല്ലാവരും കൊടിയ ദുരിതത്തിലാണ്. സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങെയറ്റം സഹായിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യമാണ്. പട്ടിണിയിലായ നിരവധി പേരുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ ദയവായി മനസിലാക്കി സിനിമ തീയേറ്ററുകള്‍ തുറക്കാനും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുവാനും മുഖ്യമന്ത്രി അനുവാദം തരണമെന്ന് വളരെ താഴ്മയായി അപേക്ഷിക്കുകയാണ്. അത്രത്തോളം ദയനീയമാണ് സാര്‍ കാര്യങ്ങള്‍. എല്ലാവരും കുടുംബം നോക്കാന്‍ പാടുപെടുകയാണ്. ഓരോ മാസവും കിറ്റ് ലഭിച്ചതുകൊണ്ടുമാത്രം അവരുടെ പ്രശ്നങ്ങള്‍ തീരുന്നില്ല സാര്‍.പലരും ദുരഭിമാനംകൊണ്ടു പറയാത്തതാണ്. സിനിമ മേഖലയിലുള്ള നിരവധി പേര്‍ സമീപകാലത്ത് ആത്മഹത്യ ചെയ്ത സംഭവം നാം കേട്ടു. മിക്ക സംഭവങ്ങളുടെയും പിന്നില്‍ സാമ്പത്തികപ്രശ്നങ്ങള്‍ തന്നെയാണ്.തിയേറ്ററുകള്‍ തുറക്കാതെയോ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാതെയോ ഇനി ഒരു ചുവടുപോലും ഇവര്‍ക്കു മുന്നോട്ടുപോകാനാവില്ല. പോസ്റ്റര്‍ ഒട്ടിക്കുന്നവരും ലൈറ്റ്ബോയിമാരുമൊക്കെ കഷ്ടതകളുടെ നടുവിലാണ് ജീവിക്കുന്നത്. എന്തിന് നാം കോടീശ്വരന്മാര്‍ എന്നുപറയുന്ന നടന്മാരും ഇപ്പോള്‍ വലിയ ബുദ്ധിമുട്ടിലാണ്. ഷൂട്ടിങ്ങുകള്‍ നിലച്ച് എല്ലാവരും വീട്ടിലായിട്ട് ഇത്രയും ദിവസമായില്ലേ.തൊഴിലില്ലാത്ത നിരവധി പേര്‍ കഷ്ടപ്പെടുകയാണ്. സത്യം പറഞ്ഞാല്‍ നന്നായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കടക്കാരുടെ ശല്യപ്പെടുത്തലുകള്‍, പാല്‍, പത്രം, കേബിള്‍, കറന്റ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളം. അഭിമാന പ്രശ്നം മൂലം പലരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നു മാത്രം.എന്നാല്‍ ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരില്‍ വരും. സിനിമാ സംഘടനകള്‍ക്കും സര്‍ക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. സിനിമാ പ്രവര്‍ത്തകരുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.കൊവിഡ് വ്യാപനം മുമ്പത്തേതിനേക്കാള്‍ ഭീകരമായാണ് നമ്മെ ബാധിക്കുന്നത്. അന്നന്നത്തെ ചെലവിനുള്ള പണം മാത്രം ഉണ്ടാക്കിയിരുന്ന സാധാരണ സിനിമാ പ്രവര്‍ത്തകര്‍ വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുകയാണ്. ആദ്യ വ്യാപന സമയത്ത് പല സിനിമാ പ്രവര്‍ത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങി. ഇത്തവണ അതും സാധിക്കാത്ത അവസ്ഥയാണ്. നിര്‍മാതാക്കളുടെയും ടെക്നീഷന്മാരുടെയും നടീനടന്മാരുടെയും ഒക്കെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണ്. എന്തു ചെയ്യണമെന്ന് അറിയാന്‍ പറ്റുന്നില്ല. ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോണ്‍ എടുത്തും മറ്റുമാണ് തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും കെട്ടിയുയര്‍ത്തിയത്. ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും.ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് സൂചനയാണ് വിവിധ മാധ്യമങ്ങളില്‍നിന്നു ലഭിക്കുന്നത്.തല്‍സ്ഥിതി തുടര്‍ന്നാല്‍ ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകും. അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാശാലകള്‍ തുറക്കുകയും ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തുകഴിഞ്ഞെങ്കിലും കേരളത്തില്‍ അതിനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പല സിനിമകളും അയല്‍ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ്.മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാഴ്ച മറ്റ് റിലീസുകളുണ്ടാവില്ലെന്നാണ് തീരുമാനം. എന്നാല്‍, അപ്പോഴേക്കും സിനിമകള്‍ റിലീസ് ചെയ്യാനുള്ള അനുവാദം സര്‍ക്കാര്‍ തരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരയ്ക്കാറിന് പിന്നാലെ മിന്നല്‍ മുരളിയും കുഞ്ഞെല്‍ദോയും ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം റിലീസ് സാദ്ധ്യമാകുമോയെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല.ഇതിനിടെ നില്‍ക്കക്കള്ളിയില്ലാതെ നിരവധി സിനിമകള്‍ ഒടിടി റിലീസായി എത്തി. ദൃശ്യവും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും കോള്‍ഡ്കേസുമൊക്കെ ഒടിടിയില്‍ റിലീസ് ചെയ്തു. മാലിക് പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒടിടിയില്‍ ഇറങ്ങാനിരിക്കുന്നു.നിര്‍മാതാക്കളുടെ കാര്യവും വലിയ കഷ്ടമാണ്. നിര്‍മിച്ച പല സിനിമകളും പെട്ടിയില്‍ തന്നെയിരിക്കുകയാണ്. ഒടി ടി പ്ലാറ്റ്ഫോമുകള സമീപിച്ചാലും പ്രതിസന്ധി തന്നെ. ഒടിടിയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലെത്തുകയാണ്. വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോള്‍ സിനിമകളുടെ വ്യാജപതിപ്പതിപ്പുകള്‍ യഥേഷ്ടം വിഹരിക്കുകയാണ്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ 80-ലേറെ സിനിമകള്‍ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. അത്രത്തോളം നിര്‍മാതാക്കള്‍ വലിയ പ്രതിസന്ധിയിലാണ്. പത്തിലേറെ സിനിമകള്‍ മാത്രമാണ് ഒന്നാം വ്യാപനത്തിനു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്തത്. നമുക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയേ മതിയാകൂ..അതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുണ്ടാകണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു.
ഞങ്ങള്‍ക്കുംജീവിക്കണം