
വിജയ് ദേവരകൊണ്ട ചിത്രം കിങ്‌ഡം 2 ഉപേക്ഷിച്ചെന്ന് സ്ഥിരീകരിച്ച് നിർമാതാവ് നാഗവംശി. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഈ ആക്ഷൻ ത്രില്ലറിൻ്റെ തുടർച്ചയെക്കുറിച്ച് മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് നാഗവംശി ഉത്തരം നൽകിയിരിക്കുന്നത്. ഇനി ചിത്രത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും, സംവിധായകൻ ഗൗതമിന് ഏറെ വിഷമമുണ്ടാക്കും എന്നല്ലാതെ യാതൊന്നും സംഭവിക്കില്ലെന്നും നാഗവംശി പറഞ്ഞു. ഐഡിൽബ്രെയിനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കിങ്‌ഡം 2 ഉപേക്ഷിക്കുകയാണ്. ചിത്രത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. സംവിധായകൻ ഗൗതമിന് ഏറെ വിഷമമുണ്ടാക്കും എന്നല്ലാതെ യാതൊന്നും സംഭവിക്കില്ല. ഗൗതം തിന്നനൂരിക്കൊപ്പം മറ്റൊരു സിനിമയിൽ സഹകരിക്കുന്നുണ്ട്. ഈ കൂട്ടുകെട്ട് തുടരും.” നാഗവംശി പറഞ്ഞു.
2025-ൽ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനംചെയ്‌ത ചിത്രമാണ് കിങ്‌ഡം. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ കഴിയാതിരുന്നതാണ് രണ്ടാം ഭാഗം റദ്ദാക്കാൻ കാരണമായത്. മലയാളി നടൻ വെങ്കിടേഷ് ആയിരുന്നു ചിത്രത്തിൽ വില്ലൻ വേഷം ചെയ്തിരുന്നത്. ബാബുരാജ്, സത്യദേവ് കാഞ്ചരണ, ഭാഗ്യശ്രീ ബോർസെ എന്നവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്. റൗഡി ജനാർദനയാണ് വിജയ് ദേവരകൊണ്ടയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം.