
നടി ദീപിക പദുക്കോണിന്റെ എട്ടുമണിക്കൂര്‍ ജോലി വിഷയത്തില്‍ പ്രതികരിച്ച് നടി പ്രിയാമണി. ‘അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകുമെന്നാണ്’ പ്രിയാമണി പറഞ്ഞത്. കൂടാതെ അതൊരു വ്യക്തിപരമായിട്ടുള്ള കാര്യമാണെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. സിഎന്‍എന്‍-ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
‘ഇത് തികച്ചും വ്യക്തിഗതമായ കാര്യമാണ്. പലപ്പോഴും നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും. അത് ഓകെയാണ്. നിങ്ങള്‍ അതിന് കൂടി ഇടം നല്‍കേണ്ടതായുണ്ട്.’ പ്രിയാമണി പറഞ്ഞു.
എട്ടുമണിക്കൂര്‍ ജോലി വിഷയത്തില്‍ ദീപിക തന്നെ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ നിരവധി പുരുഷ സൂപ്പര്‍താരങ്ങളും വര്‍ഷങ്ങളായി എട്ടുമണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നവരാണ് എന്നും അതൊന്നും രഹസ്യമല്ലെങ്കിലും വാര്‍ത്തയായിട്ടില്ലെന്നുമാണ് ദീപിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സന്ദീപ് റെഡ്‌ഡിയുടെ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘സ്‌പിരിറ്റി’ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. കൽക്കിയിൽ നിന്ന് കൂടി ദീപികയെ ഒഴിവാക്കിയതോടെ നടിയുടെ ഡിമാന്റുകൾക്ക് നേരെ വലിയ രീതിയിലുള്ള വിമർശനമായിരുന്നു നേരിട്ടത്.
അതേ സമയം കൽക്കി 2 , സ്പിരിറ്റ് എന്നെ ചിത്രങ്ങളിൽ നിന്ന് ദീപിക പദുക്കോൺ പുറത്താകാൻ കാരണം നടൻ പ്രഭാസാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. രണ്ട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ നിന്നും ദീപികയെ പുറത്താക്കിയതിന് പിന്നില്‍ പ്രഭാസിനും പങ്കുണ്ടെന്നാണ് ദീപികാ പദുക്കോണിന്റെ ആരാധകര്‍ സംശയിക്കുന്നത് എന്ന് ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്തു. പ്രഭാസ് ഇടപെട്ടിരുന്നെങ്കില്‍ ദീപികാ പദുക്കോണിനെ സംവിധായകര്‍ ഒഴിവാക്കില്ലായിരുന്നു എന്നാണ് ‘ഫാന്‍സ് തിയറി’. വിവരം അറിഞ്ഞിട്ടും ഇടപെടാതിരുന്നതിലൂടെ ദീപികയെ പുറത്താക്കാനുള്ള അണിയറക്കാരുടെ തീരുമാനത്തെ പ്രഭാസ് പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നുവെന്നും ആരാധകര്‍ വാദിക്കുന്നുവെന്നും ഗ്രേറ്റ് ആന്ധ്ര പറയുന്നു.
വാദം അടിസ്ഥാനരഹിതമാണെന്ന് പ്രഭാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായും ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. താൻ അഭിനയിക്കുന്ന സിനിമകളിലെ കാസ്റ്റിങ്ങിൽ പ്രഭാസ് ഒരിക്കലും ഇടപെടാറില്ല. അതിനാൽ സംവിധായകരും നിർമാതാക്കളും ദീപികാ പദുക്കോണുമായി നടത്തിയ ചർച്ചകളിൽ നിന്ന് പ്രഭാസ് വിട്ടുനിൽക്കുകയായിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.