പ്രിയാമണിയുടെ ഭര്‍ത്താവിനെതിരെ ആരോപണവുമായി മുന്‍ഭാര്യ

മുസ്തഫ രാജും നടി പ്രിയാമണിയും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ. താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് അവര്‍ ആരോപിക്കുന്നു. മുസ്തഫയും താനും വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ പറയുന്നു. വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ച്‌ലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു. 2017ലാണ് മുസ്തഫയും പ്രിയാമണിയും തമ്മിലുള്ളവിവാഹം നടന്നത്. ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മുസ്തഫആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയ്ക്ക് ഒപ്പമാണ്. മുസ്തഫക്കെതിരെ ഗാര്‍ഹിക പീഡന പരാതിയും ആഷിയ നല്‍കിയിട്ടുണ്ട്. തനിക്കെതിരേയുള്ള ഗാര്‍ഹിക പീഡന ആരോപണം വ്യാജമാണെന്നും താന്‍ കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും ദേശീയ മാധ്യമത്തോട് മുസ്തഫ പറഞ്ഞു. ഒരു മുന്‍ മോഡല്‍കൂടിയായ പ്രിയാമണി തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളില്‍ ജോലി ചെയ്യുന്നു. അവര്‍ 2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒണ്‍ലി വിഷ്ണുവര്‍ധന്‍ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമായിരിക്കുന്ന പ്രിയാമണി നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവാണ്. 2017 ഓഗസ്റ്റ് 23 ന് നടന്ന ഒരു സ്വകാര്യ ചടങ്ങില്‍വച്ച് ഇവന്റ്‌സ് ഓര്‍ഗനൈസറായ മുസ്തഫ രാജിനെ പ്രിയമണി വിവാഹം കഴിച്ചു