“അദ്ദേഹത്തെ നമുക്ക് രക്ഷിക്കണം, മതിയായ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് പറ്റി പോയതാണ്”; രാജ്‌പാൽ യാദവിന് പിന്തുണയുമായി പ്രിയദർശൻ

','

' ); } ?>

ചെക്ക് കേസിൽ തിഹാർ ജയിലിൽ കഴിയുന്ന നടൻ രാജ്‌പാൽ യാദവിന്റെ പ്രതിഫലം ഉയർത്തി സംവിധായകൻ പ്രിയദർശൻ. നടൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തന്റെ പുതിയ ചിത്രത്തിൽ അദ്ദേഹത്തിന് നൽകേണ്ട പ്രതിഫലം വർധിപ്പിക്കാൻ പ്രിയദർശൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. “രാജ്‌പാലിനെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, അദ്ദേഹത്തിന്റെ പ്രശ്നം അറിയാവുന്നത് കൊണ്ടാണ് എല്ലാ ചിത്രങ്ങളിലും താൻ അദ്ദേഹവുമായി സഹകരിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. ‘മിഡ് ഡേ’യ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ.

“എനിക്ക് 20 വർഷമായി അദ്ദേഹത്തെ അറിയാം. ‘ജംഗിൾ’ എന്ന ചിത്രത്തിലാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാൻ അതിശയിച്ചുപോയി. ‘മലാമൽ വീക്കിലി’ ആണ് ഞാൻ അദ്ദേഹവുമായി ചെയ്യുന്ന ആദ്യ ചിത്രം. അതിന് ശേഷം എന്റെ പല സിനിമകളിലും അദ്ദേഹം അഭിനയിച്ചു. എന്റെ അടുത്ത ചിത്രത്തിന്റെ നിർമാതാക്കളോട് (ജൂബിലി ഫിലിംസ്) അദ്ദേഹത്തിന്റെ സാഹചര്യം കണക്കിലെടുത്ത് അധികം പ്രതിഫലം നൽകണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ നമുക്ക് രക്ഷിക്കണം. നിർമാതാക്കൾ സമ്മതിച്ചിട്ടുണ്ട്. വില്ലൻ വേഷത്തിലാണ് ഈ ചിത്രത്തിൽ രാജ്‌പാൽ എത്തുന്നത്,” പ്രിയദർശൻ പറഞ്ഞു.

“എനിക്ക് അദ്ദേഹത്തിന്റെ പ്രശ്നം അറിയാം. അതുകൊണ്ടാണ് എല്ലാ ചിത്രങ്ങളിലും ഞാൻ അദ്ദേഹവുമായി സഹകരിക്കുന്നത്. പരസ്യ ചിത്രങ്ങളിലും ഞാൻ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. മതിയായ വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ് പാവം മനുഷ്യന് ഈ അബദ്ധം പറ്റിയത്. രാജ്‌പാൽ ഒരു നല്ല മനുഷ്യനാണ്.” പ്രിയദർശൻ കൂട്ടിച്ചേർത്തു.

ഫെബ്രുവരി അഞ്ചിനാണ്, ചെക്ക് കേസിൽ ആറ് മാസത്തെ തടവ് അനുഭവിക്കുന്നതിനായി തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ രാജ്‌പാൽ കീഴടങ്ങിയത്. പിന്നാലെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ നടന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, വരുൺ ധവാൻ എന്നിവർ സഹായം വാഗ്ദാനം ചെയ്തതായി നടന്റെ മാനേജർ ഗോൾഡി ജെയിൻ അറിയിച്ചിരുന്നു. 2010ൽ ‘അട്ടാ പട്ടാ ലാപ്പതാ’ എന്ന ആദ്യ സംവിധാന സംരഭം നിർമിക്കുന്നതിനായാണ് ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും രാജ്പാൽ യാദവ് അഞ്ച് കോടി രൂപ വായ്പ എടുത്തത്. ഈ കടം പലിശയും പിഴയും ചേർന്ന് ഇപ്പോൾ ഒൻപത് കോടി രൂപയായി മാറി. ഇതിനെത്തുടർന്നുള്ള, ചെക്ക് മടങ്ങിയ കേസിലാണ് രാജ്പാൽ യാദവിനേയും ഭാര്യയേയും ആറ് മാസത്തെ തടവിന് കോടതി ശിക്ഷിച്ചത്.