‘മരക്കാറി’ന് ലഭിച്ച പുരസ്‌കാരം ഇവര്‍ക്കായി സമര്‍പ്പിക്കുന്നു: പ്രിയദര്‍ശന്‍

തന്റെ ഏറ്റവും പുതിയ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന് ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് രണ്ട് സംവിധായകര്‍ക്ക് താന്‍ സമര്‍പ്പിക്കുകയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ‘ഷോലെ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ രമേഷ് സിപ്പി, ‘ലോറന്‍സ് ഓഫ് അറേബ്യ’ അടക്കം ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ഒരുക്കിയ ബ്രിട്ടീഷ് സംവിധായകന്‍ ഡേവിഡ് ലീന്‍ എന്നി രണ്ടുപേര്‍ക്കായി അവാര്‍ഡ് സമര്‍പ്പിക്കുന്നതായി പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയദര്‍ശന്റെ ഫേസ്ബുക്ക് കുറിപ്പ്,

‘ഷോലെ ഒരുക്കിയ രമേഷ് സിപ്പിക്കും വലിയ ഫ്രെയ്മുകള്‍ എങ്ങനെ ചിത്രീകരിക്കാമെന്ന് എന്നെ പഠിപ്പിച്ച മാസ്റ്റര്‍ ഡയറക്ടര്‍ ഡേവിഡ് ലീനിനുമായി മരക്കാര്‍- അറബിക്കടലിന്റെ സിംഹത്തിന് എനിക്കു ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുന്നു’, ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം പ്രിയന്‍ കുറിച്ചു.

മികച്ച ചിത്രത്തിനൊപ്പം മറ്റു രണ്ട് വിഭാഗങ്ങളിലും മരക്കാര്‍ പുരസ്‌കാരം നേടിയത്.
വസ്ത്രാലങ്കാരത്തിനും സ്‌പെഷല്‍ എഫക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങളായിരുന്നു അത്.

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലുളള ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ .ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.പ്രണവ് മോഹന്‍ലാല്‍. കല്യാണി
പ്രിയദര്‍ശന്‍,മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തീയേറ്റര്‍ തുറന്നപ്പോള്‍ മരയ്ക്കാര്‍ മാര്‍ച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നു.