പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ നായകനായി ചിത്രമൊരുങ്ങുന്നു.സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.പട്ടാമ്പിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള 10 ഭാഗങ്ങളുള്ള സിനിമാ സീരീസില്‍ ഒന്നാണ് ഈ ചിത്രം . എം ടി വാസുദേവന്‍ നായരുടെ ഏത് കഥയായിരിക്കും ചിത്രമാക്കുന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. സീരിസില്‍ സന്തോഷ് ശിവനും ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. സീരിസില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിനിമകള്‍ നിര്‍മ്മിക്കുന്നു.
എംടി കഥകളെ ആസ്പദമാക്കിയുള്ള സീരീസ് നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്യുക. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തിനു ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കിയുള്ള പ്രിയദര്‍ശന്‍ ചിത്രം ആരംഭിക്കുക. പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ ബോക്‌സിംഗ് താരമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. പ്രിയദര്‍ശനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ഇതിനകം തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.
ബിജു മേനോന്‍ പ്രധാന കഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ക്കറിയാം. സാനു ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ‘ആര്‍ക്കറിയാം’.ബിജു മേനോനെ കൂടാതെ പാര്‍വതി,ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍വതി തിരുവോത്തും, ഷറഫുദ്ധീനും ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമ കൂടിയാണ് ഇത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഒപിഎം ഡ്രീംമില്‍ സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസിനൊപ്പം രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍. പശ്ചാത്തല സംഗീതം സഞ്ജയ് ദിവേച്ച. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.