48ാമത് മോസ്‌കോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട് “പ്രൈവറ്റ്”

','

' ); } ?>

48ാമത് മോസ്‌കോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദർശനത്തിനൊരുങ്ങി ഇന്ദ്രന്‍സും മീനാക്ഷി അനൂപും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം “പ്രൈവറ്റ്”. ചിത്രം പ്രദർശനത്തിന് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഇന്ദ്രൻസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഏപ്രില്‍ 16 മുതല്‍ 23വരെയാണ് ഇത്തവണത്തെ മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ നടക്കുന്നത്.

നേരത്തെ പാ രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പനിയായ നീലം പ്രൊഡക്ഷന്‍സിന്റെ ഭാഗമായ നീലം കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന പി കെ റോസി ഫിലിം ഫെസ്റ്റിവെല്ലിലേയ്ക്കും പ്രൈവറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏപ്രില്‍ എട്ട് മുതല്‍ 12 വരെയാണ് പി കെ റോസി ഫിലിം ഫെസ്റ്റിവെല്‍ ചെന്നൈയില്‍ വെച്ച് നടക്കുക. മലയാളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക സിനിമായാണ് പ്രൈവറ്റ്.

സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ പ്രൈവറ്റിന്റെ റിലീസ് ഉള്‍പ്പെടെ വൈകിച്ചത് നേരത്തെ വിവാദമായിരുന്നു. 2025 ആഗസ്റ്റ് ഒന്നിന് നിശ്ചയിച്ചിരുന്ന പ്രെെവറ്റിന്‍റെ റിലീസ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒക്ടോബര്‍ 10 നായിരുന്നു തിയേറ്ററുകളിലെത്തിയത്. നിരവധി വെട്ടലുകള്‍ നിര്‍ദ്ദേശിച്ചായിരുന്നു സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്.

വിചിത്രമായ ന്യായങ്ങള്‍ നിരത്തിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രൈവറ്റിന് കത്രിക വെച്ചത്. പൗരത്വ ബില്‍, ഹിന്ദി സംസാരിക്കുന്നവര്‍, ബിഹാര്‍, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഭാഗങ്ങള്‍ മ്യൂട്ട് ചെയ്താണ് സിനിമ തിയേറ്ററുകളിലെത്തിയത്. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി അടക്കമുള്ളവര്‍ക്കായി സിനിമയുടെ ടെയ്ല്‍ എന്‍ഡില്‍ ഉണ്ടായിരുന്ന ശ്രദ്ധാഞ്ജലി റീ എഡിറ്റ് ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരാണ് പ്രൈവറ്റില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.