സഭ്യത എന്നത് ഒരു സംസ്‌കാരമാണ്. പൃഥ്വിക്ക് പ്രിയദര്‍ശന്റെ പിന്തുണ

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണം നടത്തിയ പൃഥ്വിരാജിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് നടന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ പിന്തുണ അറിയിച്ചത്. ലക്ഷദ്വീപ് വിഷയത്തില്‍ മലയാളത്തില്‍ നിന്നും ആദ്യം പിന്തുണ പ്രഖ്യാപിച്ച് എത്തിയ താരം പൃഥ്വിരാജായിരുന്നു. സുദീര്‍ഘമായൊരു കുറിപ്പു തന്നെ പൃഥ്വി ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നു. പ്രിയദര്‍ശന്‍ പറഞ്ഞത്… ‘ ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്’ പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്’. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ. സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.