നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

','

' ); } ?>

മലായളത്തിന്റെ പ്രിയനടന്‍ സുകുമാരന്‍ ഓർമയായിട്ട് ഇന്നേക്ക് 24 വര്‍ഷമാകുന്നു.അദ്ദേഹത്തിന്റെ ചരമദിനത്തില്‍ മകന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നു.

‘അച്ഛന്‍. 24 വര്‍ഷങ്ങള്‍’ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചത്.

ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരന്‍. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി.

250ഓളം സിനിമകളില്‍ അഭിനയിച്ചു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. ‘കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷ’ന്റെ മുന്‍ ചെയര്‍മാന്‍ ആയിരുന്നു.

സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിര്‍മ്മാല്യം’ എന്ന ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ ക്ഷണം വന്നത്. എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ല്‍ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരന്‍ താരങ്ങളില്‍ മുന്‍നിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയില്‍ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തു.

1997 ജൂണ്‍ മാസത്തില്‍ മൂന്നാറിലെ വേനല്‍ക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം 1997 ജൂണ്‍ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു.